അഗളി: കഴിഞ്ഞ രണ്ടുവർഷങ്ങളിലായുണ്ടായ കനത്തമഴയിൽ തകർന്ന പാലങ്ങളും ചപ്പാത്തുകളും ഇനിയും പുനർനിർമിച്ചില്ല. പുഴകടക്കാൻ മറ്റ് മാർഗങ്ങളില്ലാതെ അപകടയാത്രയുമായി അട്ടപ്പാടിയിലെ പ്രദേശവാസികൾ.

ചെമ്മണ്ണൂർ പാലം

2005-06 കാലഘട്ടത്തിൽ ആദിവാസി പൊട്ടിക്കല്ല്, ആനക്കല്ല്, അമ്പന്നൂർ ഊരിലെ 200-ലധികം കുടുംബങ്ങൾക്ക് ഭവാനിപ്പുഴ കടക്കുന്നതിന് ഐ.ടി.ഡി.പി.യുടെ 15 ലക്ഷംരൂപ മുടക്കി പാലം നിർമിച്ചു. നിർമാണം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ ത്തന്നെ പാലത്തിന്റെ കൈവരികൾ മഴവെള്ളപ്പാച്ചിലിൽ തകർന്നു. അഗളി, പൂതൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉടമസ്ഥാവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറാത്തതിനാൽ അറ്റകുറ്റപ്പണി നടത്താൻ ആരും തയ്യാറല്ല.

തകർന്ന കൈവരിയിലൂടെ വനംവകുപ്പിന്റെ ജീപ്പ് പുഴയിൽവീണ് അട്ടപ്പാടി റേഞ്ച്‌ ഓഫീസറടക്കം രണ്ടുപേർ അടുത്തിടെ മരണപ്പെട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനോ പാലക്കാട് ജില്ലാപഞ്ചായത്തിനോ പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്താമെന്ന് അധികൃതർ അറിയിച്ചെങ്കിലും നിലവിൽ ഇത്തരത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

താവളം പാലം

താവളം-മുള്ളി റോഡിൽ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള താവളംപാലത്തിന്റെ കൈവരികൾ തർന്നിരിക്കയാണ്. 2018-ലെ മഴയിൽ അടിഞ്ഞ മരക്കൂട്ടങ്ങൾ പാലത്തിൽനിന്ന് ഇതുവരെ പൂർണമായും നീക്കംചെയ്തിട്ടില്ല. പാലൂർ, പാടവയൽ, ഗൊട്ടിയാർക്കണ്ടി, മഞ്ചിക്കണ്ടി, ധാന്യം, തേക്കുപ്പന, തേക്കുവട്ട, ബൊമ്മിയാംപടി തുടങ്ങിയ നിരവധി ഊരുകൾ ആശ്രയിക്കുന്ന പാലമാണിത്.

ഉടമസ്ഥാവകാശം പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ പരിധിയിലാണെങ്കിലും കൈവരിനന്നാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സാമ്പാർകോട് പാലം

അഗളിയിൽനിന്ന് മേലെ സാമ്പാർകോട്, താഴെ സാമ്പാർകോട്, ബോഡിച്ചാള ഊരുകളിലെ 200-ലധികം ആദിവാസി കുടുംബങ്ങളും തമിഴ് കർഷകരും മറ്റ് വിഭാഗക്കാരും ആശ്രയിക്കുന്ന പാലം കഴിഞ്ഞപ്രളയത്തിൽ പൂർണമായും തകർന്നു. പാലത്തെ റോഡുമായി ബന്ധിപ്പിക്കുന്നഭാഗം പൂർണമായും ഒലിച്ചുപോയി. പ്രദേശവാസികൾ മുളകൊണ്ട് താത്കാലികമായി നിർമിച്ച പാലം സാമ്പാർകോട് പാലത്തിൽ ഘടിപ്പിച്ചാണ് ആളുകൾ ഇതുവഴി നടന്നുപോകുന്നത്.

ആശുപത്രിയടക്കമുള്ള അത്യാവശ്യസമയങ്ങളിൽ കിലോമീറ്റർചുറ്റി നെല്ലിപ്പതി, ഗൂളിക്കടവ് വഴിയാണ് ഇവിടെയുള്ളവർ യാത്രചെയ്യുന്നത്.

മൂച്ചിക്കടവ് പാലം

അഗളി-ഷോളയൂർ പഞ്ചായത്തുകളെതമ്മിൽ ബന്ധിപ്പിക്കുന്ന ശിരുവാണിപ്പുഴ മൂച്ചിക്കടവ് പാലവും പാലത്തിന്റെ അപ്രോച്ച് റോഡും പൂർണമയും തകർന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ മരംകൊണ്ട് നിർമിച്ച താത്‌കാലിക നടപ്പാലത്തിലൂടെ സാഹസികയാത്രയാണ് സ്‌കൂൾ വിദ്യാർഥികളടക്കമുള്ള പ്രദേശവാസികൾ നടത്തുന്നത്. വാഹനയാത്രയ്ക്കായി അഞ്ച് കിലോമീറ്റർ കോട്ടമല വഴി ചിറ്റൂരിലെത്തണം.

കോട്ടമല തോട്ടിൽ വെള്ളമുയർന്നാൽ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടും. ചാവടിയൂരുകാർക്ക് 17 കിലോമീറ്ററോളം സഞ്ചരിച്ച് കടമ്പാറവഴി ഷോളയൂരെത്തി വേണം ചിറ്റൂർവഴിയോ, ആനക്കട്ടിവഴിയോ പുറംലോകത്തെത്താൻ.

വണ്ണാന്തറ പാലം

വണ്ണാന്തറ ഊരിലെയും സമീപപ്രദേശങ്ങളിലെയും തമിഴ് കർഷകരും കോട്ടത്തറ ഭാഗത്തുനിന്ന്‌ ഉരിലെത്തിയിരുന്ന ശിരുവാണിപ്പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞ ഓഗസ്റ്റിലെ മഴയിൽ പൂർണമായും തകർന്നു. വെള്ളം കുറഞ്ഞതോടെ പ്രദേശവാസികൾ പുഴയിലിറങ്ങിയാണ് അക്കരെയെത്തുന്നത്.

ചുണ്ടകുളം നടപ്പാലം

ചുണ്ടകുളം, കോട്ടമല പ്രദേശവാസികളും ചുണ്ടകുളം സ്‌കൂളിലേക്കുള്ളവരും ഉപയോഗിച്ചിരുന്ന ശിരുവാണിപ്പുഴയിലെ ചുണ്ടകുളം നടപ്പാലം മഴയിൽ തകർന്നു. പാലത്തിന്റെ ഒരുഭാഗം മഴവെള്ളത്തിൽ ഒലിച്ചുപോയി. ഇവിടെ മരംകൊണ്ട് താത്കാലികപാലം ഘടിപ്പിച്ചാണ് പ്രദേശവാസികൾ യാത്രചെയ്യുന്നത്. മൂച്ചിക്കടവ് പാലം തകർന്നതോടെ വെങ്കക്കടവ് ഭാഗം ചുറ്റിയാണ് പ്രദേശവാസികൾ യാത്രചെയ്യുന്നത്.

കട്ടേക്കാട് ചപ്പാത്ത്

ഷോളയൂർ-അഗളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശിരുവാണിപ്പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്തിന്റെ നിർമാണം വർഷങ്ങളായി പൂർത്തിയായിട്ടില്ല. പ്രദേശവാസികൾ യാത്രയ്‌ക്കായി പുഴയിൽ മണ്ണും കല്ലും പാകി നിർമിച്ച താത്കാലിക റോഡിലൂടെയാണ് യാത്രചെയ്തിരുന്നത്.

മഴപെയ്യുമ്പോൾ താത്കാലികറോഡ് തകർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. മാറനട്ടി, വെങ്കക്കടവ്, ഒമ്പത് തുടങ്ങി പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾ മഴക്കാലമായാൽ ഒറ്റപ്പെടും. ചപ്പാത്ത്‌ നിർമാണം പൂർത്തിയാക്കാനുള്ള ഫണ്ട് ഷോളയൂർ പഞ്ചായത്തിൽനിന്ന് അനുമതിയായിട്ടുണ്ടെന്ന് പഞ്ചായത്തംഗം മാർട്ടിൻ അറിയിച്ചു.

അപേക്ഷ സമർപ്പിച്ചിട്ടുണ്ട്

പ്രളയത്തിൽ തകർന്ന മൂച്ചിക്കടവ്, സാമ്പാർകോട്, വണ്ണാന്തറ പാലങ്ങളുടെ പുനർനിർമാണം നടത്തുതിനുള്ള അപേക്ഷ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വൻതോതിലുള്ള നാശനഷ്ടമുണ്ടായിരിക്കുന്നതിനാൽ കൂടുതൽ ഫണ്ട് ആവശ്യമായുണ്ട്. ഫണ്ട് ലഭിക്കുന്നതനുസരിച്ച് നിർമാണം ആരംഭിക്കാനാകും.

- ബ്ലോക്ക് പഞ്ചായത്ത് അധികൃതർ, അട്ടപ്പാടി.