അഗളി: കേന്ദ്ര സാഹിത്യ അക്കാദമി ആദ്യമായി കേരളത്തിൽ സംഘടിപ്പിച്ച ദളിത് ചേതന സർഗസദസ്സ് അട്ടപ്പാടിയിൽ നടന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആദിവാസിഭാഷകളും ഗോത്രകലാസാഹിത്യവും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് പാലക്കാടൻ എഴുത്തുകൂട്ടത്തിന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. ഗോത്രതാളത്തിൽ കാട മൂപ്പത്തി, ശിവലിംഗൻ, കലൈസെൽവി, നഞ്ചമ്മ, സുധീർ തുടങ്ങിയവർ കവിതകളും നാടൻ പാട്ടുകളും അവതരിപ്പിച്ചു. ചടങ്ങിൽ അട്ടപ്പാടിയിലെ പ്രധാന ഗോത്രവിഭാഗമായ കുറുമ്പരെക്കുറിച്ച് എഴുത്തുകാരി ഡോ. കെ. സംപ്രീത രചിച്ച ‘പാലുകുറുമ്പർ: ചിന്തയും ഭാഷയും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗോത്രകഥാകാരിയും അധ്യാപികയുമായ കലൈസെൽവി കുറുമ്പവിഭാഗങ്ങളുടെ പ്രധാനകേന്ദ്രമായ ആനവായ് ഊരിലെ കാട മൂപ്പത്തിക്ക് നൽകിക്കൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്. ലിപികളില്ലെന്ന കാരണത്താൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗോത്രസാഹിത്യവും പിന്തുടർച്ചക്കാരില്ലാതെ പോകുന്ന പരമ്പരാഗതകലാരൂപങ്ങളും സംരക്ഷിക്കപ്പെടണമെന്നത് വലിയ വെല്ലുവിളിയാണെന്ന് സർഗസദസ്സ് ഉദ്ഘാടനം ചെയ്ത് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തംഗവും ആദിവാസിനേതാവുമായ ഈശ്വരി രേശൻ പറഞ്ഞു. ഗോത്രജനവിഭാഗങ്ങളുടെ സംസ്കാരവും കലകളും സാഹിത്യവും സംരക്ഷിക്കുന്നതിനായി ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുവാൻ സർക്കാർ താത്‌പര്യമെടുക്കണമെന്ന് മുഖ്യാതിഥിയായ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എൽ.വി. ഹരികുമാർ ആവശ്യപ്പെട്ടു.

കവികളായ പി.ആർ. രതീഷ്, മുരളി മങ്കര, റഷീദ് കുമരംപുത്തൂർ, രമേഷ് മങ്കര, സ്വപ്ന എന്നിവരുടെ രചനകൾ ചടങ്ങിൽ അവതരിപ്പിച്ചു. എഴുത്തുകൂട്ടം പ്രസിഡന്റ് മനോജ് വീട്ടിക്കാട് അധ്യക്ഷത വഹിച്ചു.

കവി രാമകൃഷ്ണൻ ചൂരിയോട്, സിന്ധു സാജൻ, അജിത് ഷോളയൂർ, കുപ്പുസ്വാമി, സിബിൻ ഹരിദാസ്, പഴനിസ്വാമി, ശരത് ബാബു തച്ചമ്പാറ, മധു അലനല്ലൂർ എന്നിവർ സംസാരിച്ചു.