ചാലിശ്ശേരി : 32 വർഷമായി ഉത്സവത്തിനും മറ്റ് ആഘോഷപരിപാടികൾക്കും പന്തലും വെളിച്ചവും ശബ്ദവും ഒരുക്കിയിരുന്നയാളാണ് വളയംകുളം അവുങ്ങാട്ടിൽ അഷ്‌റഫ്. ലക്ഷങ്ങളുടെ ചെലവിൽ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളൊരുക്കി നടത്തുന്ന ഈ മേഖലയിൽ 24 മണിക്കൂറും പണിത്തിരക്കുള്ള സമയത്താണ് കോവിഡ് വന്നത്.

അടച്ചുപൂട്ടൽ വന്നതോടെ പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് മേഖല പൂർണമായും അടച്ചിടേണ്ടി വന്നു. വരുമാനം പൂർണമായും നിലച്ചതോടെയാണ് അഷ്‌റഫ്, കൃഷിയെക്കുറിച്ച് ചിന്തിക്കുന്നത്. തുടർന്ന്, ചമയംകൂട്ടായ്മ എന്ന പേരിൽ കൂട്ടുകാരനായ അക്ബറുമൊത്ത് ചാലിശ്ശേരിയിൽ കൃഷിക്കിറങ്ങി. ചാലിശ്ശേരി പഞ്ചായത്തിലെ പത്താം വാർഡിൽ രണ്ടരയേക്കർ സ്ഥലം തരിശുഭൂമി പാട്ടത്തിനെടുത്താണ് ജൂൺ മാസത്തിൽ സമ്മിശ്ര കൃഷിയിറക്കിയത്. കൂർക്കയാണ് പ്രധാനമായും ചെയ്യുന്നത്.

തൃശ്ശൂർ ജില്ലയിലെ അത്താണി, തിരൂർ, പീച്ചി എന്നിവിടങ്ങളിൽനിന്ന്‌ കൂർക്കവള്ളി തലപ്പ് എത്തിച്ചു. ആറിഞ്ച് നീളത്തിലാണ് കൂർക്കവള്ളി നട്ടത്. ഓഗസ്റ്റ് മാസത്തിലെ കാലാവസ്ഥയെ അതിജീവിച്ചും കൃഷി മുന്നോട്ടുപോകുന്നുണ്ട്. കൂർക്കകൂടാതെ ഒരേക്കറിൽ കപ്പ, മധുരക്കിഴങ്ങ്, പച്ചമുളക്, വഴുതന, നേന്ത്രൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ആദ്യസംരംഭം ലാഭം പ്രതീക്ഷിക്കുന്നില്ലെങ്കിലും തമിഴ്‌നാട്ടിൽനിന്നെത്തുന്ന കൂർക്കയും വിപണിയിൽ ഭീഷണിനേരിടുന്നുണ്ട്.

ഇതിനകം രണ്ട് ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. ഏകദേശം 2,000 കിലോഗ്രാം കൂർക്ക ലഭിച്ചാൽ മാത്രമേ കൃഷിയിൽനിന്ന് ചെറിയ വരുമാനം ലഭിക്കയുള്ളൂയെന്ന് ലൈറ്റ് ആൻഡ് സൗണ്ട് സംഘടനയുടെ ചങ്ങരംകുളം മേഖലാ വൈസ് പ്രസിഡന്റ് കൂടിയായ ചമയം അഷറഫ് പറഞ്ഞു. കുടുംബത്തിലെ പത്തോളംപേർ ചേർന്നാണ് മണ്ണിൽ നിന്ന് കൂർക്ക വേർതിരിക്കുന്നത്. ഒരാഴ്ചയ്‌ക്കകം ഒന്നരയേക്കറിലെ വിളയെടുപ്പ് കഴിയും. സ്വന്തം വാഹനത്തിലും പന്തൽത്തൊഴിലാളികൾ വഴിയും കൂർക്ക വിൽക്കുന്നുണ്ട്. ചാലിശ്ശേരിയിലെ പെൺമിത്ര നല്ലഭക്ഷണം കൂട്ടായ്മകളും കൂർക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഗ്രാമങ്ങളിലെ പച്ചക്കറിക്കടകളിൽ നൽകി വിൽക്കാനും ലക്ഷ്യമുണ്ട്. ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും സുഭിക്ഷകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയുടെ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ചിന്നു ജോസഫ്, അസി. കൃഷി ഓഫീസർ സി.പി. മനോജ്, പി. ഷംസുദീൻ പൂക്കോട്ടൂർ, പഞ്ചായത്ത് മെമ്പർ സജിത സുനിൽ, താഹിർ ഇസ്മായിൽ, ഇ.വി. മാമ്മു, ബഷീർ പെരുമ്പിലാവ്, എ.എം. അഷറഫ്, അക്ബർ പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.