ചിറ്റൂർ : കൊയ്ത നെല്ലുണക്കി ചാക്കിലാക്കിയിട്ട് ഒരു മാസം. മില്ലുടമകൾ എത്താത്തതിൽ കർഷകർ ആശങ്കയിൽ. നല്ലേപ്പിള്ളി പഞ്ചായത്തിൽ വിവിധ പാടശേഖരസമിതികളിലെ കർഷകരുടെ നെല്ലാണ് എടുക്കാത്തത്. ഇക്കുറി അനുഭവപ്പെട്ട പ്രതികൂലകാലാവസ്ഥയിൽ വളരെ പാടുപെട്ടാണ് കൊയ്ത്ത് നടത്തി നെല്ലുണക്കിയത്.

മില്ലുടമകളെ അറിയിച്ചിട്ടും പ്രതികരിക്കുന്നില്ലന്നാണ് കർഷകരുടെ പരാതി. അടുത്ത വിളയ്ക്ക് വളപ്രയോഗത്തിനും മറ്റു ചെലവുകൾക്കും നെല്ലുവില കിട്ടിയാലേ നടക്കൂ. ഇതിനുപുറമേ നെല്ലുസംഭരണം നടത്തിയിട്ടും പി.ആർ.എസ്. കൊടുക്കാതെ നട്ടംതിരിക്കുന്നതായി കർഷകർ കുറ്റപ്പെടുത്തി. കർഷകരെ വലയ്ക്കാതെ നെല്ലുസംഭരണം നടത്തണമെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് കർഷകസംഘം യൂണിറ്റ് യോഗം മില്ലുടമകളോട് ആവശ്യപ്പെട്ടു.

വി. രാജൻ, വി. പ്രഭാകരൻ, എ. വാസു, വി. കൃഷ്ണപ്രസാദ്, കെ. കലാധരൻ എന്നിവർ സംസാരിച്ചു.