പാലക്കാട് : നിർമാണസാമഗ്രികളുടെ വിലക്കയറ്റമുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് നിർമാണത്തൊഴിലാളികൾ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദേശവ്യാപകമായി പണിമുടക്കും. കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു.) ആണ് പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്.

പണിമുടക്കിന്റെ ഭാഗമായി രണ്ട്, മൂന്ന് തീയതികളിൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു.) ജനറൽ സെക്രട്ടറി വി. ശശികുമാർ, വൈസ് പ്രസിഡന്റ് ടി.കെ. അച്യുതൻ, സംസ്ഥാനകമ്മിറ്റി അംഗം കെ. പഴനി, ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി എം. ഹരിദാസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടിന് ജില്ലയിലെ അട്ടപ്പാടിയുൾപ്പെടെയുള്ള ഏഴ് താലൂക്ക് കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ തൊഴിലാളികൾ പ്രതിഷേധിക്കും. മൂന്നിന് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.