മണ്ണാർക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലംവളവ്, കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിന് സമീപം എന്നിവിടങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത ബൈക്കപകടങ്ങളിൽ രണ്ട്‌ യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മലപ്പുറം കീഴ്ശ്ശേരി സ്വദേശി ഷാഹിം (19), കോട്ടോപ്പാടം സ്വദേശി നിസാബുൽ ഹാഷിം (22) എന്നിവരാണ് മരിച്ചത്.

വട്ടമ്പലം വളവിൽ വ്യാഴാഴ്ച പുലർച്ചെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം കീഴ്ശ്ശേരി പള്ളിക്കുന്നത്ത് വീട്ടിൽ സാലാഹുദ്ദീന്റെ മകൻ ഷാഹിം മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീം പരിക്കുകളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം വിനോദയാത്രയ്ക്കായി ബൈക്കിൽ കൊടൈക്കനാലിലേക്ക് പോകുംവഴിയായിരുന്നു ഷാഹിമും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീമും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും ആദ്യം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ എം.ഇ.എസ്. ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ചരാവിലെ 10.40-ഓടെയാണ് ഷാഹിം മരിച്ചത്. ചീക്കോട് ഹയർസെക്കൻഡറി സ്‌ക്കൂൾ വിദ്യാർഥിയാണ്. ഷാഹിമിന്റെ അമ്മ: ജസ്‌റ. പിക്കപ്പ് വാനിന്റെ ഡ്രൈവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിന് മുൻവശത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് കോട്ടോപ്പാടം വല്ലക്കാടൻ ജുമൈലയുടെ മകൻ നിസാബുൽ ഹാഷിം മരിച്ചത്. ബുധനാഴ്ചരാത്രി ഏഴരയോടെയായിരുന്നു സംഭവം. കോട്ടോപ്പാടത്തുനിന്ന്‌ മണ്ണാർക്കാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഹാഷിമും മാതൃസഹോദരൻ മുഹമ്മദ് ഷെഫീക്കുമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ ബൈക്ക്, മുന്നിൽ സഞ്ചിരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ഇടിച്ചാണ് മറിഞ്ഞത്. പരിക്കേറ്റ രണ്ടുപേരെയും കുന്തിപ്പുഴ, വട്ടമ്പലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സാരമായി പരിക്കേറ്റ നിസാബുൽ ഹാഷിം മരിച്ചു.