നെല്ലിയാമ്പതി: പ്രകൃതിക്കും വന്യമൃഗങ്ങൾക്കും ദോഷകരമായ പ്ലാസ്റ്റിക്മാലിന്യം നീക്കി പരിസ്ഥിതിപ്രവർത്തകർ. കാഴ്ചകൾക്കൊപ്പം പ്ലാസ്റ്റിക്മാലിന്യക്കൂനകളും നിറഞ്ഞതോടെയാണ് റിപ്പബ്ലിക്ദിനത്തിൽ പാലക്കാട് ഗ്രീനറി ഗാർഡ്‌സ് ഓഫ് ഇന്ത്യയും എറണാകുളം ഹോണസ്റ്റ് എന്ന സംഘടനയിലെ അംഗങ്ങളും ചേർന്ന് മാലിന്യനീക്കം നടത്തിയത്. നെല്ലിയാമ്പതി ചുരംപാതയിലെ തമ്പുരാൻകാട് വ്യൂപോയിന്റിലാണ് പ്ലാസ്റ്റിക്മാലിന്യം പൂർണമായും നീക്കിയത്.

ഉച്ചയോടെ പ്ലാസ്റ്റിക്‌കുപ്പികളും കവറുകളും ചില്ലുകുപ്പികളുമായി 300 കിലോഗ്രാം മാലിന്യമാണ് ഈഭാഗത്തുനിന്നുമാത്രം 36 പേരുടെ നേതൃത്വത്തിൽ ശേഖരിച്ചത്. മാലിന്യം നീക്കുന്നതിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികൾക്ക് വനമേഖലയിൽ പ്ലാസ്റ്റിക് കൊണ്ടിടുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്‌കരണവും നടത്തി. മൂന്നുവർഷമായി സംഘടനയുടെ നേതൃത്വത്തിൽ നെല്ലിയാമ്പതിയിൽ പ്ലാസ്റ്റിക്മാലിന്യം നീക്കുന്നുണ്ട്.

ഇതുവരെ 3.50 ടൺ മാലിന്യം നെല്ലിയാമ്പതി വ്യൂപോയിന്റുകളിൽനിന്നുമാത്രം ശേഖരിച്ചെന്ന് ഗ്രീനറി ഗ്രാർഡ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ജയബാലൻ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് യു. നാരായണസ്വാമി, എസ്. പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: 300 kg garbage removed From Nelliyampathy