വടക്കഞ്ചേരി : സ്ഥലപരിമിതിമൂലം മാലിന്യം സംസ്കരിക്കാനോ ഉപേക്ഷിക്കാനോ കഴിയാതെ വിഷമിക്കുന്ന വീട്ടുകാർക്ക് ഇനി ആശ്വസിക്കാം. വീടുകളിലെ ജൈവമാലിന്യം സംസ്കരിച്ച് വളമാക്കുന്നതിനായി വടക്കഞ്ചേരി പഞ്ചായത്ത് ബയോബിന്നുകൾ നൽകും.

ടൗൺ പ്രദേശമുൾപ്പെടുന്ന 11, 12, 13, 14 വാർഡുകളിൽ ഒട്ടും സ്ഥലമില്ലാത്ത 620 വീട്ടുകാർക്കാണ് ആദ്യഘട്ടത്തിൽ ബയോബിന്നുകൾ നൽകുക. മാലിന്യം കവറിൽ കെട്ടി റോഡരികിൽ വലിച്ചെറിയുന്നത് പൂർണമായി നിർത്തുകയാണ് ബയോബിന്നുകൾ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശുചിത്വമിഷൻ പദ്ധതിവഴി മുണ്ടൂർ ഐ.ആർ.ടി.സി.യിൽ നിന്നാണ് ബയോബിന്നുകൾ വാങ്ങുക.

ഒക്ടോബർ ആദ്യ ആഴ്ചയോടെ ബിന്നുകൾക്ക് ഓർഡർ നൽകുമെന്ന് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ബിന്നുകൾ നൽകുന്നതിനൊപ്പം മാലിന്യം സംസ്കരിക്കേണ്ട വിധത്തെക്കുറിച്ച് ഹരിതകർമസോനാംഗങ്ങൾ പറഞ്ഞുകൊടുക്കും.

പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യം പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തി ശേഖരിക്കും. കടകളിൽനിന്നുള്ള മാലിന്യം ഹരിതകർമസേനാംഗങ്ങൾ നേരിട്ടെത്തി ശേഖരിക്കും. ഇതിനായി ഇവർക്ക് മാലിന്യം തരംതിരിച്ചിടുന്ന സാധാരണ ബിന്നുകൾ നൽകും

ബയോബിൻ

:മൂന്നുതട്ടുകളിലായാണ് ബയോബിൻ. ആദ്യം മുകളിലത്തെ തട്ടിൽ മാലിന്യം നിക്ഷേപിക്കും. ഇത് നിറയുമ്പോൾ ഇതെടുത്ത് അടിയിലേക്ക് മാറ്റും. ഇതിനുമുകളിലായി മറ്റുരണ്ട് ബിന്നുകൾ വെക്കും.

രണ്ടാമത്തെ ബിൻ നിറയുമ്പോൾ ഇതെടുത്ത് അടിയിലേക്ക് മാറ്റും. മൂന്നാമത്തെ ബിൻ നിറയുമ്പോഴേക്കും ആദ്യത്തെ ബിന്നിലുള്ള മാലിന്യം പൂർണമായി ജൈവവളമായി മാറിയിട്ടുണ്ടാകും. ഇത് കൃഷിക്ക് ഉപയോഗിക്കുകയോ പഞ്ചായത്തിന് നൽകുകയോ ചെയ്യാം.

മാലിന്യസംസ്കരണത്തിന് 45 ഹരിതകർമസേനാംഗങ്ങൾ

:കടകളിൽനിന്നും വീടുകളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി 45 ഹരിതകർമസേനംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കടകളിൽനിന്നുള്ള ജൈവമാലിന്യം ദിവസേന എടുത്ത് മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിച്ച് ജൈവവളമാക്കും. വീടുകളിൽനിന്ന് മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഇവ തരംതിരിച്ചശേഷം വിൽക്കും. വീടുകളിൽനിന്ന് യൂസർ ഫീസായി പ്രതിമാസം 50 രൂപയും കടകളിൽ നിന്ന് ചുരുങ്ങിയത് 100 രൂപയുമാണ് ഈടാക്കുക. ദിവസേനയുള്ള മാലിന്യത്തിന്റെ തോതനുസരിച്ച് കടകളിൽനിന്ന് കൂടുതൽ ഫീസ് ഈടാക്കും.