പാലക്കാട് : നികുതിചോർച്ച തടയുന്നതിന് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ ധനവകുപ്പ് തയ്യാറെടുക്കുന്നു. പുതിയ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാളയാർ, വേലന്താവളം അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന നടത്തി. ചൊവ്വാഴ്ചരാവിലെ പതിനൊന്നോടെയാണ് മന്ത്രി വാളയാറിലെത്തിയത്.

ചരക്കുസേവന നികുതി (ജി.എസ്.ടി.) നിലവിൽവന്നതിനുശേഷം സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തിൽ വർധനയില്ലെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി. വരുന്നതിനുമുമ്പുള്ള 11 വർഷത്തെ കണക്കെടുത്താൽ സംസ്ഥാന വരുമാനത്തിൽ ഓരോവർഷവും ക്രമാനുഗതമായ വർധനയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ നാലുവർഷത്തിനിടെ വരുമാനത്തിൽ കുറവാണ് വന്നിട്ടുള്ളതെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി. സംവിധാനത്തിലെ നികുതി ചോർച്ചയാണ് കാരണമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

നികുതിചോർച്ച എവിടെയെന്ന്‌ കണ്ടെത്താൻ രണ്ട് സമിതികൾക്ക് രൂപംനൽകിയിട്ടുണ്ട്. ജി.എസ്.ടി. അടയ്ക്കുന്ന സമയത്ത് കാണിക്കുന്ന വസ്തുക്കളുടെ അളവുതന്നെയാണോ യാഥാർഥത്തിൽ കൊണ്ടുപോകുന്നതെന്ന് സംശയമുണ്ട്. ഇതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്താൻ അതിർത്തികളിൽ ആധുനികസംവിധാനങ്ങളും ക്യാമറയും സ്ഥാപിക്കും.

വാളയാറിലുള്ള എൻഫോഴ്സ്‌മെന്റ് വിങ്ങിന്റെ കമാൻഡിങ് സെന്റർ ആധുനികീകരിക്കും. ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി പരിശോധന കർശനമാക്കുന്നതിലൂടെ നികുതിചോർച്ച തടയാനാകുമെന്നാണ് വിലയിരുത്തുന്നത് -മന്ത്രി പറഞ്ഞു.