പട്ടാമ്പി : ജെ.എൻ.യു. സമരനേതാവും സി.പി.ഐ. നേതാവുമായിരുന്ന കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശം രാഹുൽഗാന്ധി സ്വന്തം രാഷ്ട്രീയ അസ്തിത്വം നിലനിർത്താൻ കിണഞ്ഞുപരിശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇതിനായി രാഹുൽഗാന്ധി കനയ്യകുമാറിനെ രഹസ്യമായി കണ്ടെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ മുഹമ്മദ് മുഹ്‌സിൻ പറയുന്നു. പ്രിയസുഹൃത്ത് കനയ്യകുമാർ ഇന്ത്യൻ നാഷണൻ കോൺഗ്രസിൽ ചേർന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

കൂടെയുള്ള പലരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്താൻ കഴിയാത്ത രീതിയിൽ രാഷ്ട്രീയസമ്മർദത്തിലാണ് എന്നതും നിരവധിതവണ രാഹുലും ടീമും കനയ്യയോട് പറഞ്ഞിട്ടുണ്ട്.

രാഹുലിനും കോൺഗ്രസിനും വേണ്ടത് കനയ്യയുടെയും ജിഗ്നേഷ് മേവാനിയുടെയും ജനങ്ങളെ കൈയിലെടുക്കാനുള്ള (ക്രൗഡ്പുള്ളർ ഇമേജ്) വ്യക്തിത്വം മാത്രമാണ്. അവർ ഇതുവരെ ഉയർത്തിപ്പിടിച്ചിരുന്ന വിദ്യാർഥി, ഇടതുപക്ഷ, ദളിത് രാഷ്ട്രീയം ഏറ്റെടുക്കാൻ കോൺഗ്രസ് രാഷ്ട്രീയം തയ്യാറായിട്ടുണ്ടോയെന്ന് വരുംദിവസങ്ങളിൽ നമുക്ക് കാത്തിരുന്നു കാണാമെന്നും മുഹ്‌സിൻ കുറിപ്പിൽ പങ്കുവെക്കുന്നു. തന്റെ ആശയ രൂപവത്കരണത്തിനു നിദാനമായ രാഷ്ട്രീയവും സംഘടനയും വിട്ടു പുതിയ പാർട്ടിയിലേക്ക് ചേക്കേറുമ്പോൾ കനയ്യകുമാർ എന്ന രാഷ്ട്രീയനേതാവ് താൻ ഇതുവരെ ഉയർത്തിയ രാഷ്ട്രീയം എങ്ങനെ കൊണ്ടുപോകുമെന്നത് കാത്തിരുന്ന് കാണാമെന്നും മുഹ്‌സിൻ പറയുന്നു.

രാഹുൽഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാർ ‘മുഖ്യമന്ത്രി’ സ്ഥാനവും കൂടെയുള്ളവർക്കുള്ള പദവിയുമെല്ലാം വാഗ്‌ദാനങ്ങളായിരിക്കാം. ‘ഒന്നിച്ചു താമസിക്കുകയും, ഒരേ രാഷ്ട്രീയം പറയുകയും ചെയ്തിരുന്ന പ്രിയപ്പെട്ടവൻ പുതിയ രാഷ്ട്രീയ മേൽവിലാസം കണ്ടെത്തിയതിന് എല്ലാവിധ ആശംസകളും നേരുന്നു, നല്ലതുവരട്ടെ എന്നാശംസിക്കുന്നു. എന്തായാലും കനയ്യകുമാറിന്റെ വരവോടെ രാഹുൽഗാന്ധിയും കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. രാഹുൽഗാന്ധിക്കും ആശംസകൾ’ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മുഹ്‌സിനുവേണ്ടി സഹപാഠിയായ കനയ്യകുമാർ പട്ടാമ്പിയിൽ പ്രചാരണത്തിനെത്തിയിരുന്നു.