വാളയാർ : വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി. രാജഗോപാൽ സമരപ്പന്തലിലെത്തി. സത്യാഗ്രഹസമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും അവഗണിക്കുന്നതും നല്ല ഭരണകൂടലക്ഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സമരക്കാരുമായി സർക്കാർ ചർച്ച ചെയ്യണമെന്നും നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷനായി. ജയ്ജഗത് അംഗങ്ങളായ സന്തോഷ് മലമ്പുഴ, എസ്. കൃഷ്ണകുമാർ, അജിത്ത് രാജഗോപാൽ, വി. ചന്ദ്രൻ, സി. ഗംഗാധരൻ എന്നിവർ പങ്കെടുത്തു.