പതിനാറാംമൈൽ ഭാഗത്തെത്തുമ്പോൾ ചായക്കടനടത്തുന്ന പി. ബാലന് പറയാനുണ്ടായിരുന്നത് പരാതികളാണ്. ''കടയ്ക്ക് മുന്നിലെ മണ്ണെടുത്ത് അവർ ചാലുപണിതു. എന്നാൽ, മുകളിൽ സ്ലാബിട്ടില്ല. ഇതോടെ, കടയിലേക്ക് ആളുകൾ വരാതായി. ഇരുമ്പുതകിട് ചാലിനുമുകളിൽ ഇട്ടെങ്കിലും പലരും നടക്കാൻ പേടിക്കുന്നുണ്ട്. മഴപെയ്താൽ മണ്ണെടുത്ത ഭാഗത്ത് ചെളിനിറയും. കാറ്റടിച്ചാൽ കടനിറയെ പൊടിയാവും. വ്യാപാരികളുടെ പ്രശ്‌നങ്ങളുംകൂടി പരിഹരിക്കണം''.

വീട്ടിൽനിന്ന് റോഡിലേക്കിറങ്ങാൻ കഴിയാത്തതിന്റെ വിഷമമായിരുന്നു കടമ്പഴിപ്പുറം പഞ്ചായത്തോഫീസിന് സമീപം താമസിക്കുന്ന മനോജിന് പറയാനുണ്ടായിരുന്നത്. 'ഗേറ്റിന് മുന്നിൽ ഉയരത്തിൽ ചാലുപണിതതോടെ റോഡിലേക്കിറങ്ങാൻ പറ്റുന്നില്ല. കല്ലുകൾ അടുക്കിവെച്ച് അതിനുമുകളിലൂടെയാണ് 85 വയസ്സുള്ള അച്ഛൻ ബാലഗുപ്തൻ നടക്കുന്നത്. ഇരുചക്രംപോലും വീട്ടിലേക്ക് കയറ്റാനും പറ്റുന്നില്ല. ചാലിന്റെയും വീടിന്റെയും നിരപ്പ് വ്യത്യാസം പരിഹരിക്കാൻ പണിയെടുക്കുന്നവർ തയ്യാറാവുന്നുമില്ല -മനോജ് പറഞ്ഞു.