കൂറ്റനാട് : ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ഭക്തി സാന്ദ്രമായി. രാവിലെ വിശേഷാൽപൂജകൾ നടന്നു. ക്ഷേത്രമൈതാനത്ത് ദീപാലങ്കാരവും ഒരുക്കിയിരുന്നു. ഗുരുവായൂർ ഭജനസംഘത്തിന്റെ ഗാനസുധയുമുണ്ടായിരുന്നു.

വൈകീട്ട് കോതമംഗലം ശിവക്ഷേത്രത്തിൽനിന്നും താലത്തിന്റെ അകമ്പടിയോടെ പാലക്കൊമ്പെഴുന്നള്ളിച്ചു. ഉടുക്കുകൊട്ട്, പാൽക്കുടം, തിരിയുഴിച്ചൽ, കനൽച്ചാട്ടം, വെട്ടും തടവും, ഗുരുതിതർപ്പണം എന്നിവ നടന്നു. മാങ്ങാട്ട് വീട്ടിൽ ഗോവിന്ദൻനായർസ്മാരക വിളക്ക് സംഘത്തിന്റെ നേതൃത്തിലാണ് വിളക്കാഘോഷം നടന്നത്. വിളക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശിവശങ്കരൻ, സെക്രട്ടറി ഭാസ്‌കരൻ, ട്രഷറർ രാജൻ നിറപറ എന്നിവർ നേതൃത്വം നൽകി.