ചെന്നൈ : കനത്ത മഴയെത്തുടർന്ന് ജലസംഭരണികളിലെ ജലനിരപ്പ് വർധിച്ചുവരവെ ചെന്നൈയിൽ എല്ലാ ദിവസവും കുടിവെള്ളം വിതരണംചെയ്യാൻ മെട്രോ വാട്ടർ അതോറിറ്റി തീരുമാനിച്ചു.
ഇനി 850 ദശലക്ഷം ലിറ്റർ വെള്ളം ദിവസവും വിതരണം ചെയ്യാനാണ് തീരുമാനം. ഇപ്പോൾ നഗരത്തിലെ അഞ്ചുസംഭരണികളിലുമായി മൊത്തം സംഭരണശേഷിയുടെ 80 ശതമാനം വെള്ളമുണ്ട്.
ജലസംഭരണികളിൽ മതിയായ വെള്ളമില്ലാത്തതിനാൽ 2016 മുതൽ നഗരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ളം വിതരണംചെയ്തിരുന്നത്. ഇപ്പോൾ ചെമ്പരമ്പാക്കം സംഭരണിയിൽമാത്രം 90 ശതമാനം വെള്ളമുണ്ട്. ഇവിടെനിന്ന് സെക്കൻഡിൽ 1000 ഘനയടി വെള്ളം അഡയാർ നദിയിലേക്ക് തുറന്നുവിടുന്നുണ്ട്. ദിവസേന കുടിവെള്ളം വിതരണം ചെയ്താൽ ഇങ്ങനെ വെള്ളം പാഴാക്കുന്നത് ഒഴിവാക്കാമെന്ന് അധികൃതർ പറയുന്നു. ആന്ധ്രാപ്രദേശിലെ കൃഷ്ണനദിയിൽനിന്ന് പൂണ്ടി ജലസംഭരണിയിലേക്ക് സെക്കൻഡിൽ 1500 ഘനയടി വെള്ളം ഒഴുക്കുന്നത് തുടരുന്നുണ്ട്.
മാർച്ച് 31 വരെ ഇത് തുടരും. അതിനാൽ നഗരത്തിൽ ദിവസേന കുടിവെള്ളം വിതരണം ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ലെന്ന് അധികൃതർ പറയുന്നു.