കോയമ്പത്തൂർ : കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റതിന് അറസ്റ്റിലായ ഇരുപത്തിരണ്ടുകാരിയെ പോലീസ് ജാമ്യത്തിൽ വിട്ടു. കുട്ടിയെ കൈപ്പറ്റിയ ദമ്പതിമാർക്കും കാങ്കയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യമനുവദിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കുട്ടിയുടെ അമ്മയെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കും. കുട്ടിയെയും അമ്മയെയും അനുപ്പർപാളയത്തെ പുനരധിവാസകേന്ദ്രത്തിൽ പത്തുദിവസം കഴിയാൻ അനുവദിക്കും.
ഇതേസമയം കുട്ടിയെ പതിനായിരം രൂപയ്ക്ക് വില്പനനടത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭ്യമാക്കാൻ ഉത്തരവിട്ടു. അമ്മയ്ക്ക് കുഞ്ഞിനെ സംരക്ഷിക്കാനാവുമോ എന്നകാര്യവും കമ്മിറ്റി പരിശോധിക്കും. അതിനുശേഷമാകും തുടർനടപടികളെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിരണ്ടുകാരി കാങ്കയത്തെ ദമ്പതിമാർക്ക് 10,000 രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ കൈമാറിയെന്നാണ് കേസ്.