കോയമ്പത്തൂർ : അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര ചരക്കുവിമാന ഗതാഗതം സജീവമായി. കോവിഡിനുമുമ്പ് നടന്നപോലെ ചരക്കുവിമാന സർവീസ് 96 ശതമാനം നടക്കുന്നതായി വിമാനത്താവള അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിൽനിന്ന് 12 വിമാനസർവീസുകൾ നിത്യേന നടക്കുന്നുണ്ട്. ആഭ്യന്തര സർവീസിലെ എല്ലാ വിമാനത്തിലും ചരക്കുകൾ പോകുന്നുണ്ട്. ഓട്ടോമൊബൈൽ ഭാഗങ്ങൾ, എളുപ്പം കേടുവരുന്ന ഭക്ഷ്യസാധനങ്ങൾ, അടിയന്തര സ്വഭാവമുള്ള മരുന്നുകൾ എന്നിവയാണ് വിമാനത്തിൽ അയയ്ക്കുന്നത്.
എളുപ്പം കേടുവരുന്ന 100 ടൺ ചരക്കുകൾ വിമാനത്തിൽ ഒരുമാസം അയയ്ക്കുന്നുണ്ട്. പച്ചക്കറികളാണ് ഇവയിൽ അധികവും.
നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവകാലത്തുപോലും വിമാന ചരക്കുഗതാഗതത്തിൽ ഇത്ര തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ പറയുന്നു.
ഗൾഫ് നാടുകളിലേക്ക് മാത്രമാണ് കോയമ്പത്തൂരിൽനിന്ന് നേരിട്ട് ചരക്കുവിമാനസർവീസ്. അവയിലാണ് പച്ചക്കറികൾ പോകുന്നത്. വിമാനസർവീസുകൾ കാര്യമായ മുന്നറിയിപ്പില്ലാതെ മുടങ്ങുന്നത് കാർഗോ ബുക്കിങ്ങിന് തടസ്സമാകുന്നുണ്ട്.
മറ്റ് രാജ്യങ്ങളിലേക്ക് കുറഞ്ഞത് രണ്ടുമുതൽ മൂന്നുവരെ വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.നേരിട്ട് സർവീസ് പ്രതീക്ഷിക്കുന്നു
ലോക്ഡൗണിൽവന്ന നിയന്ത്രണങ്ങളാണ് വിദേശ വിമാനസർവീസുകൾ മുടങ്ങാൻ കാരണം. നിയന്ത്രണങ്ങൾ നീളുന്നതോടെ വിവിധ ദേശങ്ങളിലേക്ക് നേരിട്ട് സർവീസ് പ്രതീക്ഷിക്കുന്നുണ്ട്.
പി. സുബ്രഹ്മണ്യം,
കോയമ്പത്തൂർ കസ്റ്റം ഹൗസ് ആൻഡ് സ്റ്റീമർ ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്.