ചെർപ്പുളശ്ശേരി : അന്ധവിശ്വാസം അടിച്ചേൽപ്പിച്ച് ചെർപ്പുളശ്ശേരിക്കാരായ അമ്മയെയും മകളെയും രണ്ടുവർഷം തമിഴ്‌നാട് മധുരയിലെ കേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ചെന്ന പരാതിയിൽ മധുര സ്വദേശി അറസ്റ്റിൽ.

മധുര സ്വദേശി ഖലീലു റഹ്മാനെയാണ് (58) ചെർപ്പുളശ്ശേരി എസ്.ഐ. കെ. സുഹൈൽ, ക്രൈംബ്രാഞ്ച് എസ്.ഐ. സി.ടി. ബാബുരാജ്, എ.എസ്.ഐ. ജോൺസൺ, സുധാകുമാരി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

സിദ്ധൻ ചമഞ്ഞ് തുക തട്ടിയെടുത്തെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ മധുരയിലെ കേന്ദ്രത്തിൽ ഇവരെ അടിമകളായി പാർപ്പിച്ചെന്നും കാണിച്ച് ബന്ധുക്കൾ രണ്ടുവർഷം മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുന്ദരന്റെ നിർദേശപ്രകാരമാണ് മധുരയിലെ താമസസ്ഥലത്തുനിന്നും ഇയാളെ പിടികൂടിയത്. രണ്ടു വർഷമായി ഇരുവരെയും കാണാനില്ലെന്നായിരുന്നു ബന്ധുക്കൾ ആദ്യം പരാതിപ്പെട്ടിരുന്നത്. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.