ആനക്കര : മഴ ഒഴിഞ്ഞ്‌ വിളകൾക്ക് വളപ്രയോഗത്തിനൊരുങ്ങുന്ന നെൽക്കർഷകർക്ക് തിരിച്ചടിയായി രാസവളക്ഷാമം രൂക്ഷം. രണ്ടാംവിള ആരംഭിച്ച് 40 ദിവസം കഴിഞ്ഞിട്ടും വള പ്രയോഗത്തിന് രാസവളങ്ങൾ ലഭിക്കാത്തതാണ് നെൽക്കർഷകരെ വലയ്ക്കുന്നത്. നെൽക്കർഷകർക്കുവേണ്ട അടിസ്ഥാനവളങ്ങളായ യൂറിയ, പൊട്ടാഷ്‌, ഫോസ്ഫേറ്റ് എന്നിവയ്ക്കാണ് കൂടുതൽ ക്ഷാമം. തുലാമഴയ്ക്കുമുമ്പ് വിളകൾക്ക്‌ വളപ്രയോഗം നടത്താനുള്ള നെട്ടോട്ടത്തിനിടെയിലാണ് കർഷകർക്ക് ഈ പ്രതിസന്ധി.

ചില്ലറ വിൽപ്പന ശാലകളിലും സഹകരണ ബാങ്കുകളുടെ വളംഡിപ്പോകളിലും കർഷകർ വളത്തിനായി നിരന്തരം കയറുന്നുണ്ടെകിലും വളമെത്തിയില്ലെന്ന മറുപടിമാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ കാലാവസ്ഥ വിളകൾക്ക് വളപ്രയോഗംനടത്താൻ അനുയോജ്യമാണ്. ഏറ്റവുമധികം നൈട്രജൻ നെൽച്ചെടികൾക്ക് നൽകുന്ന വളമാണ് യൂറിയ.

നെൽക്കൃഷിക്ക്‌ കൃത്യസമയത്ത് വളപ്രയോഗം നടത്തിയില്ലെങ്കിൽ ഉത്പാദനം കുത്തനെ കുറയും. രാസവള ക്ഷാമം രൂക്ഷമായതോടെ പടിഞ്ഞാറൻമേഖലയിലെ കർഷകർ കൂട്ടുവളങ്ങളിലേക്കും വിലകൂടിയ കോംപ്ലക്സ് വളങ്ങളിലേക്കും മാറാൻ നിർബന്ധിതരായി. ഇത് കർഷകർക്ക് കൃഷി ഇരട്ടി നഷ്ടക്കണക്കുകളിലേക്ക് വഴിയൊരുക്കും.

ഇടനിലക്കാർ സബ്‌സിഡിയുള്ള വളം നിയമവിരുദ്ധമായി വ്യവസായികാവശ്യങ്ങൾക്കായി കടത്തിക്കൊണ്ട് പോകുന്നതാണ് മേഖലയിലെ ഈ വളക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് കർഷകരുടെ ആക്ഷേപം. ഇടനിലക്കാർ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വർധനയ്ക്ക് ശ്രമിക്കുന്നെന്ന പരാതിയും കർഷകർ ഉയർത്തുന്നു.

തിരിച്ചടിയാകും

രാസവളക്ഷാമം കുറച്ചുവർഷങ്ങളായി പതിവാണ്. വളപ്രയോഗം കൃത്യമല്ലെങ്കിൽ കൃഷിയുടെ വിളവിനെ ബാധിക്കും. ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായ കാർഷികമേഖലയ്ക്ക് അത് വലിയൊരു തിരിച്ചടിയാകും.

(യു.പി. രവീന്ദ്രനാഥ്, (പെരുമ്പലം-മേലെഴിയം പാടശേഖരസമിതി സെക്രട്ടറി)

നടപടി വേണം

വളപ്രയോഗം നടത്താനായില്ലെങ്കിൽ ഇതുവരെയുള്ള അധ്വാനം വെറുതെയാകും. കർഷകർക്ക് യൂറിയ, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങൾ എത്തിച്ചുനൽകാൻ കൃഷിവകുപ്പ് അധികൃതർ അടിയന്തരനടപടി സ്വീകരിക്കണം.

( എം.എസ്. കരുണാകരൻ, കർഷകൻ, ആനക്കര)