മലമ്പുഴ : മലമ്പുഴയിൽ കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യംകണ്ട പ്രദേശത്ത് വനംവകുപ്പ് ജീവനക്കാർ പരിശോധന നടത്തി. ശ്രീനാരായണകോളനിയിൽ എ.ബി. മൻസിൽ വീടിന്റെ പരിസരവും കോളനിയുടെ മറ്റുഭാഗങ്ങളിലുമാണ് പരിശോധന നടത്തിയത്.

പലപ്പോഴായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ജില്ലാജയിലിന്‌ സമീപത്തും കോളനിയുടെ പരിസരത്തും ക്യാമറകൾ സ്ഥാപിക്കാമെന്നുള്ള ഉറപ്പ് വനപാലകർ നൽകിയതായി പ്രദേശവാസി അബ്ദുൾറസാക്ക് പറഞ്ഞു. സ്ഥിരമായി പുലിസാന്നിധ്യം കണ്ടുവരുന്നത്‌ പ്രാഥമികാരോഗ്യകേന്ദ്രം, സീമെറ്റ് നഴ്സിങ് കോളേജ്, ജവഹർ നവോദയ സ്കൂൾ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജില്ലാജയിൽ തുടങ്ങിയുള്ള പ്രദേശങ്ങളിലാണ്.

ജലസേചനവകുപ്പ് ജീവനക്കാരുടെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സുകൾ പലതും ആൾത്താമസമില്ലാതെ കാടുപിടിച്ച്‌ കിടക്കയാണ്. സ്കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരങ്ങളിൽ കാടുതെളിച്ചിട്ടുണ്ടെങ്കിലും സമീപപ്രദേശങ്ങൾ കാടുപിടിച്ചുകിടക്കയാണ്.