പാലക്കാട് : മഴ കൂടിയതോടെ പ്രദേശികമായി ഉത്പാദിപ്പിച്ചെടുക്കുന്ന പശുവിൻപാലിലും പൂപ്പൽ (അഫ്‌ളോടോക്‌സിൻ) സാന്നിധ്യം വർധിക്കുന്നു. കാലിത്തീറ്റയിലുണ്ടാകുന്ന പൂപ്പൽ അംശമാണ് പാലിന്റെ ഗുണനിലവാരം കുറയ്ക്കുന്നത്. ക്ഷീരസംഘങ്ങൾമുഖേന ശേഖരിക്കുന്ന നിരവധി സാമ്പിളുകളിൽ ഇത്തരം പൂപ്പൽസാന്നിധ്യമുണ്ടാവുന്നുണ്ടെന്ന് ക്ഷീരവികസനവകുപ്പ് അധികൃതർ പറഞ്ഞു.

മഴമൂലം കാലിത്തീറ്റയിൽ ഈർപ്പം നിറയുന്നതും പിന്നീട് അത് പൂപ്പലായി മാറുന്നതുമാണ് പ്രധാന കാരണം. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻകഴിയാത്ത പൂപ്പൽബാധ പശുക്കൾക്കും ഗുണഭോക്താക്കൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കരളിനെയാണ് പ്രധാനമായും ബാധിക്കുക. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾക്കും വഴിവെക്കും.

പശുക്കൾക്ക് തീറ്റയായിനൽകുന്ന വൈക്കോലിന് മതിയായ ഉണക്കംകിട്ടാത്തതും വെള്ളവും തീറ്റയും മറ്റും നൽകുന്ന പാത്രങ്ങൾ വേണ്ടരീതിയിൽ ശുചീകരിക്കാത്തതുമെല്ലാം പൂപ്പലുണ്ടാവാൻ കാരണമാകുന്നുണ്ട്. ഗുണമേന്മയില്ലാത്ത വിലകുറഞ്ഞ കാലിത്തീറ്റകൾ പശുക്കൾക്ക് നൽകുന്നതും പൂപ്പലിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

ഭക്ഷ്യസുരക്ഷാനിമയപ്രകാരം പശുവിൻപാലിൽ 0.5 പി.പി.ബി. (പാർട്സ് പെർ ബില്യൺ) അളവിലാണ് അഫ്ളോടോക്സിൻ ഉണ്ടാവേണ്ടത്. എന്നാൽ, ക്ഷീരവികസന വകുപ്പിൽ പാൽ ഗുണനിയന്ത്രണ ലാബിലും ക്ഷീരസംഘങ്ങളിലും നടത്തുന്ന പരിശോധനയിൽ നല്ലൊരുശതമാനം കർഷകരുടെ സാമ്പിളുകളിലും പൂപ്പൽസാന്നിധ്യമുള്ളതായി കണ്ടെത്തുന്നുണ്ടെന്ന് ക്വാളിറ്റി കൺട്രോൾ ഓഫീസർ ബ്രിൻസി മാണി പറഞ്ഞു.

കാലിത്തീറ്റ നൽകുന്നതിൽ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാ ബ്ലോക്കുകളിലും ക്ഷീരകർഷകർക്ക് ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നുണ്ടെന്നും ഇവർ അറിയിച്ചു. നേരത്തേ അതിർത്തികടന്നുവരുന്ന മറുനാടൻ പാലിലും അഫ്‌ളോടോക്‌സിൻ സാന്നിധ്യം കണ്ടെത്തിയിരുന്നു.