പാലക്കാട് : തിരുനെല്ലായ്-പുതുപ്പള്ളിത്തെരുവ് റോഡിലെ തിരുനെല്ലായ് ജങ്‌ഷൻ കടന്നുകിട്ടണമെങ്കിലുള്ള കഷ്ടപ്പാട് ചില്ലറയല്ല. റോഡ് മുഴുവൻ കുഴികളാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളപൈപ്പ്‌ ഇടുന്നതിനായി റോഡിൽ കുഴികളെടുത്തിരുന്നു. പൈപ്പിട്ട് കുഴികൾ മൂടിയെങ്കിലും മണ്ണുതാഴ്‌ന്ന് ഇവിടെ വീണ്ടും കുഴിയായി.

ഇതുകൂടാതെ റോഡിൽ വേറെയും കുഴികളുണ്ട്. മഴക്കാലമായതോടെ ദുരിതം ഇരട്ടിയായിരിക്കയാണ്. റോഡ് മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികളെവിടെയാണെന്ന് തിരിച്ചറിയാൻ സാധിക്കില്ല.

ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പലപ്പോഴും തലനാരിഴയ്‌ക്കാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നതെന്നും യാത്രക്കാർ പറയുന്നു. പ്രദേശത്ത് അഴുക്കുചാലില്ലാത്തതിനാൽ മഴപെയ്താൽ റോഡിലെ വെള്ളം ഒലിച്ചുപോകുന്നതിനുള്ള സംവിധാനമില്ല. എത്രയുംവേഗം റോഡിലെ കുഴികളടച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ആവശ്യപ്പെട്ടു

റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭാ എൻജിനിയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലം കഴിഞ്ഞാൽ റോഡ് അറ്റകുറ്റപ്പണി തുടങ്ങാമെന്നാണ് അറിയിച്ചത്.

എം. സെലീനബീവി, വാർഡ് കൗൺസിലർ.