ഒറ്റപ്പാലം : വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്നതിനായി ജില്ലയിൽ അവസരം കാത്തിരിക്കുന്നത് നാനൂറിലേറെപ്പേർ. ജില്ലയിലെ അഞ്ച് സർക്കാർ ആശുപത്രികൾക്ക് കീഴിലുള്ള ഡയാലിസിസ് കേന്ദ്രങ്ങളിലാണ് ഇത്രയുംപേർ ഡയാലിസിസ് ചെയ്യാൻ അവസരം കാത്തിരിക്കുന്നവരുടെ പട്ടികയിലുള്ളത്. ഡയാലിസിസ് സൗകര്യമുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കിയാൽ മാത്രമേ ഇത്രയും പേർക്ക് ചികിത്സ നൽകാനാകൂവെന്നതാണ് സ്ഥിതി.

ജില്ലാശുപത്രി, ഒറ്റപ്പാലം, മണ്ണാർക്കാട്, ചിറ്റൂർ താലൂക്ക് ആശുപത്രികൾ, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം എന്നവിടങ്ങളിലാണ് ഡയാലിസിസ് സൗകര്യമുള്ളത്. ഒരുദിവസം വിവിധ ഷിഫ്റ്റുകളിലായി 173 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഈ ആശുപത്രികളിലുള്ളത്. ഇതിന് പുറമെയാണ് 400ലേറെ പേർ അവസരം കാത്തിരിക്കുന്നത്.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ പേർ അവസരം കാത്തിരിക്കുന്നത്്. 200 പേരാണ് ഇവിടെ കാത്തിരിപ്പ് പട്ടികയിലുള്ളത്. ജില്ലാശുപത്രിയിൽ നാല്പതോളം പേരും മണ്ണാർക്കാട് 70 പേരും ചാലിശ്ശേരിയിൽ 150 പേരും കാത്തിരിപ്പു പട്ടികയിലുണ്ട്. ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നവരും ഇതിലുൾപ്പെടുന്നു.

ഡയാലിസിസിന്റെ

ഒറ്റപ്പാലം മോഡൽ

സംസ്ഥാനത്താകെ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിന് മാതൃകയാക്കിയിരുന്നത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെയാണ്. ഒരുദിവസം 24 ഡയാലിസിസ് യന്ത്രങ്ങളിലായി 96 പേർക്ക്‌ ചികിത്സ നൽകാനാവുന്ന സംവിധാനമാണിവിടെ. ജില്ലാശുപത്രിയിൽ ഒരുദിവസം 30 പേർക്കും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ 27 പേർക്കും ചിറ്റൂരിൽ എട്ടു പേർക്കും ചാലിശ്ശേരിയിൽ 12 പേർക്കുമാണ് സൗകര്യമുള്ളത്.

ചെലവേറെ

സർക്കാർ ആശുപത്രികൾ സൗജന്യമായി ചികിത്സ നൽകുമ്പോൾ സ്വകാര്യാശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നൊരാൾക്ക് 15,000 മുതൽ 30,000 രൂപയോളമാണ് ചെലവ് വരുന്നത്. യാത്രാചെലവ് കൂട്ടാതെയാണിത്.

പദ്ധതികളുണ്ട്,

നടപ്പായിട്ടില്ല

ആലത്തൂർ, ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ കൂടി ഡയാലിസിസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ പദ്ധതിയുണ്ട്. ഷൊർണൂരിൽ പണി പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.

ഇവിടെ 70 പേർ പ്രവർത്തനം തുടങ്ങും മുമ്പെ അവസരത്തിനായി കാത്തിരിപ്പുണ്ട്. നവംബർ ആദ്യംതന്നെ ഇവിടെ പ്രവർത്തനം തുടങ്ങിയേക്കുമെന്നാണ് അധികൃതർ പറയുന്നത്.

ആലത്തൂരിൽ യന്ത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനസജ്ജമായിട്ടില്ല. പട്ടാമ്പിയിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഒറ്റപ്പാലത്ത് യന്ത്രങ്ങൾ കൂട്ടി 200 പേർക്ക് ഒരുദിവസം ചികിത്സ നൽകാനുള്ള പദ്ധതി നിർദേശവുമുണ്ട്.

കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കണം

വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഡയാലിസിസ് സൗകര്യമൊരുക്കണം. ഓരോ താലൂക്കിലും സൗകര്യമുണ്ടാകുന്ന തരത്തിൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണം

- ദിലീപ് ദാമോദരൻ, ജില്ലാ സെക്രട്ടറി, ഓർഗൻ റിസീവ്ഡ് മെമ്പേഴ്‌സ് അസോസിയേഷൻ

കടബാധ്യതയിലേക്കുമെത്തുന്നു

സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാൻ അവസരം ലഭിക്കാതെ വരുന്നതോടെ സ്വകാര്യാശുപത്രിയിലേക്ക് പോകേണ്ടിവരുന്നു. മാസം 30,000 ത്തോളം ചെലവ് വരുന്നതോടെ കടബാധ്യതയിലേക്കെത്തുന്നതിനും കാരണമാകുന്നു.

-പി. ദിനചന്ദ്രൻ, തൃക്കങ്ങോട്