പുലാപ്പറ്റ : റോഡുപണിക്കായി കൂട്ടിയിട്ട കല്ലുകളിൽത്തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർസംഭവമാകുന്നു. പുലാപ്പറ്റ-ചീനിക്കടവ് റോഡിൽ സെൻട്രൽ യു.പി. സ്കൂളിന് സമീപമാണ് റോഡുപണിക്കായി കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത്‌.

ഇതിലൂടെ വാഹനങ്ങൾ പോയാൽ കല്ലുകൾ റോഡിൽ പരക്കും. ഇതിൽ തെന്നിയാണ് ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി മറിഞ്ഞുവീഴുന്നത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ മൂന്ന് അപകടമാണ് ഉണ്ടായത്. 2020 നവംബറിലാണ് റോഡുപണിക്കായി കല്ലുകൾ ഇവിടെ കൂട്ടിയിട്ടത്.

ഇതോടൊപ്പം നിർമിച്ച കലുങ്ക് എട്ടുമാസങ്ങൾക്ക് മുന്നേ പൂർത്തിയായിരുന്നു. മഴ തുടരുന്നതാണ് റോഡുപണി നടക്കാൻ വൈകുന്നതെന്ന് കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി. ശാസ്താകുമാർ പറഞ്ഞു.

റോഡിലെ അറ്റകുറ്റപ്പണി, കലുങ്ക് നിർമാണം എന്നിങ്ങനെയായി 15 ലക്ഷം രൂപ 2020 നവംബറിൽ കരാർ ഉറപ്പിച്ചതാണ്.