അഗളി : തുമ്പിക്കൈ കമ്പിവേലിയിൽക്കുടുങ്ങി ദുരിതമനുഭവിച്ച കാട്ടാനക്കുട്ടിയെ മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപ്പെടുത്തി അമ്മയാനയോടൊപ്പം വിട്ടു. അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഫാമിങ് സൊസൈറ്റി ഒന്നാം സൈറ്റിലാണ് സംഭവം.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ സ്ഥലത്ത് ജോലിക്കെത്തിയ ആദിവാസികളാണ് രണ്ടരവയസ്സുള്ള കുട്ടിക്കൊമ്പനെ അപകടനിലയിൽ കണ്ടത്. തുടർന്ന്, ഫാമിങ് സൊസൈറ്റിയിലെ ജീവനക്കാർ വനംവകുപ്പിനെ വിവരമറിയച്ചതോടെ ചിണ്ടക്കി ചെക്‌പോസ്റ്റിൽനിന്ന്‌ വനപാലകരെത്തി. എന്നാൽ, കാട്ടാനക്കുട്ടിക്ക്‌ സമീപം നിലയുറപ്പിച്ചിരുന്ന അമ്മയാന ഇവരെ ഓടിച്ചു. പിന്നീട് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദിന്റെ നിർദേശപ്രകാരം ദ്രുതകർമസേനയെ എത്തിക്കയായിരുന്നു.

കുട്ടിയാനക്ക്‌ സമീപമെത്താൻ അനുവദിക്കാതെ അമ്മയാന ദ്രുതകർമസേനാംഗങ്ങളെ അരമണിക്കൂറോളം ഓടിച്ചെങ്കിലും പിന്നീട് പടക്കംപൊട്ടിച്ച് അതിനെ സ്ഥലത്തുനിന്ന്‌ മാറ്റി. പിന്നീട് കുട്ടിയാനയും രക്ഷാപ്രവർത്തനം നടത്താൻ സമ്മതിക്കാതെ സേനാംഗങ്ങളെ ഓടിച്ചു. കാട്ടാനക്കുട്ടിയുടെ പിൻകാലുകളിൽ കയറുകെട്ടി മരത്തിൽ ബന്ധിച്ച ശേഷമാണ് കമ്പി മുറിച്ചുമാറ്റാനായത്. രക്ഷപ്പെടുത്തിയ കുട്ടിയാനയെ വനത്തിൽ നിലയുറപ്പിച്ചിരുന്ന അമ്മയാനയ്‌ക്ക്‌ സമീപമെത്തിച്ച് വനംവകുപ്പ് ജീവനക്കാർ മടങ്ങി.

ദ്രുതകർമസേനയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ എ.ഫിലിപ്പ്, റിസർവ് ഫോറസ്റ്റ് വാച്ചർമാരായ നോയൽ ജോസഫ്, ഷാജി, ജയൻ, ദിനേശ്, സിദ്ദീഖ് എന്നിവരാണ് കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.