പാലക്കാട് : വിഷമദ്യ ദുരന്തമുണ്ടായ ചെല്ലങ്കാവ് ആദിവാസികോളനിയും അട്ടപ്പള്ളത്ത് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയെയും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. സന്ദർശിച്ചു.

ചെല്ലങ്കാവിൽ വിഷമദ്യദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെയും ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടവരെയും കണ്ടു. വിഷമദ്യം കഴിച്ച് മരിച്ച ശിവന്റെ മക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

തുടർന്ന്, വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ സത്യാഗ്രഹമിരിക്കുന്ന പന്തലിലുമെത്തി പിന്തുണ അറിയിക്കുകയായിരുന്നു. കെ.പി.സി.സി. സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉൾപ്പെടെയുള്ളവരും സമരപ്പന്തലിലെത്തി.

സർക്കാരിന്റെ വീഴ്ച

പാലക്കാട് : കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വ്യാജമദ്യദുരന്തമുണ്ടാകാൻ കാരണം സർക്കാരിന്റെ വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. കൃത്യമായ സമയങ്ങളിൽ പരിശോധന നടത്തുന്നതിലും അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതിലും എക്സൈസും സർക്കാരും പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് ഇടയാക്കിയതെന്നും ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു പത്രക്കുറിപ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളനി സന്ദർശിച്ചു.

അറസ്റ്റ് ചെയ്യണം

പാലക്കാട് : ചെല്ലങ്കാവ് കോളനിയിൽ വ്യാജമദ്യം കഴിച്ച് കോളിനിവാസികൾ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആദിവാസി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സോമസുന്ദരം അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് സി. ഹരി, രാജേഷ്, കെ. മോഹൻ രാജ്, പി. മാരിമുത്തു, ആർ. ചിന്നൻ തുടങ്ങിയവർ സംസാരിച്ചു.