ചെന്നൈ : നീറ്റ് യോഗ്യതാ പരീക്ഷയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കി നിയമസഭ പാസാക്കിയ നീറ്റ് നിയമഭേദഗതി ബില്ലിൽ തീരുമാനം വൈകുന്നതോടെ ഗവർണർ ആർ.എൻ. രവിയെ സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നീറ്റ് പരീക്ഷ വന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിൽ വന്നിട്ടുള്ള പ്രതികൂല മാറ്റങ്ങൾ കണക്കിലെടുത്ത് ബിൽ ഉടനടി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കണമെന്ന് മുഖ്യമന്ത്രി ഗവർണറോട് അഭ്യർഥിച്ചു.

ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകൻ, ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ, ആരോഗ്യസെക്രട്ടറി ജെ. രാധാകൃഷ്ണൻ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സെപ്റ്റംബർ 13-നായിരുന്നു നീറ്റ് പരീക്ഷയ്ക്കെതിരായ ബിൽ നിയമസഭയിൽ പാസാക്കിയത്. നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്നതാണ് ഈ ബിൽ. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ കാലത്തും സമാനമായ രണ്ട് ബിൽ പാസാക്കി അയച്ചെങ്കിലും രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നില്ല.