ഒറ്റപ്പാലം : നെല്ലിയാമ്പതി വിനോദയാത്രാപദ്ധതിയുടെ വിജയത്തിൽനിന്ന് ഊർജമുൾക്കൊണ്ട് പാലക്കാട്ടുനിന്ന് മലക്കപ്പാറയിലേക്ക് ഞായറാഴ്ച കെ.എസ്.ആർ.ടി.സി. വിനോദയാത്ര ആരംഭിക്കും. നെല്ലിയാമ്പതിയിലേക്കുള്ള നാല് ബസ്സുകൾക്ക് പുറമേയാണിത്. ഞായറാഴ്ചയും ഡിസംബർ അഞ്ചിനും ഓരോ ബസ്സിനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എ. ഉബൈദ് പറഞ്ഞു. ഞായറാഴ്ചരാവിലെ അഞ്ചിന് ആദ്യയാത്ര പുറപ്പെടും.

ഒരാൾക്ക് 650 രൂപ നിരക്കിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് യാത്രയൊരുക്കിയിട്ടുള്ളത്. പുലർച്ചെ അഞ്ചുമണിക്ക് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് തുടങ്ങി മലക്കപ്പാറചുറ്റി രാത്രി ഒമ്പതുമണിക്ക് തിരിച്ചെത്തുന്ന ഒറ്റദിവസത്തെ യാത്രയാണിത്. ഭക്ഷണം യാത്രക്കാർ കരുതണം. അതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ, ഷോളയാർ അണക്കെട്ട് പെൻസ്റ്റോക്ക് പൈപ്പ് പരിസരം, മലക്കപ്പാറ തേയിലത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിർത്തി കാഴ്ചകളാസ്വദിക്കാം. കെ.എസ്.ആർ.ടി.സി. ബസ്സിൽ കാടിനകത്തുകൂടിയുള്ള യാത്രയും സന്ദർശകർക്ക് ആനന്ദകരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഈ രണ്ട് ട്രിപ്പുകളും വിജയകരമെങ്കിലാകും തുടർയാത്രകൾ പരിഗണിക്കുക.