കൊപ്പം : കൊപ്പം മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊപ്പം എസ്.ഐ. പി.ബി. ബിന്ദുലാൽ അറിയിച്ചു. കുലുക്കല്ലൂരിൽ വിവാഹത്തലേന്ന് വരന്റെ വീട്ടിൽ സുഹൃത്തുക്കൾ ഒത്തുകൂടി ആഘോഷിച്ച സംഭവത്തിൽ വീട്ടുകാർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ആഘോഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. വിവാഹം ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മുഖാവരണങ്ങൾ പോലും ധരിക്കാതെ ഒത്തുകൂടിയ സാഹചര്യത്തിലായിരുന്നു പോലീസ് നടപടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പരിശോധനകൾ നടത്താനാണ് തീരുമാനം.