ചെർപ്പുളശ്ശേരി : സ്വാതന്ത്ര്യസമര മുന്നണിപ്പോരാളി മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിയെ 57-ാം ചരമവാർഷികദിനത്തിൽ ജന്മഗ്രാമം അനുസ്മരിച്ചു.

ഖിലാഫത്ത് കലാപത്തിനിടെ പോലീസ് ചുമത്തിയ കള്ളക്കേസിൽ തുറുങ്കിലടയ്‌ക്കപ്പെടുകയും പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കുകയും ചെയ്ത പോരാളിയാണ് മോഴികുന്നം. മലബാർ സൗഹൃദവേദിയും മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയും കസ്തൂർബസ്മാരക വായനശാലയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. കസ്തൂർബ സ്മാരക വായനശാലയിൽ സ്മൃതിദിനാചരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മോഴികുന്നം ദാമോദരൻ നമ്പൂതിരി അധ്യക്ഷനായി. മോഴികുന്നത്തിന്റെ പേരമകൻ ബ്രഹ്മദത്തൻ ഞാങ്ങാട്ടിരി, ബിജുമോൻ പന്തിരുകുലം, ടി.പി. ഹരിദാസൻ, വിനോദ് സേതുമാധവൻ, സുഭാഷ് തോടയം, പി.കെ. രാജാഗോപാലൻ, പി.എം.എസ്. നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.