ഒറ്റപ്പാലം : നഗരസഭയുടെ പനമണ്ണ ഖരമാലിന്യസംസ്‌കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ നടപടിതുടങ്ങി. പ്ലാന്റിന്റെ പ്രവർത്തനത്തിൽ ഹരിത ട്രൈബ്യൂണൽ അതൃപ്തിയറിയിച്ചതിനെത്തുടർന്നാണ് നഗരസഭയുടെ നടപടി. പ്ലാന്റിൽ ഒരു പതിറ്റാണ്ടോളമായി കെട്ടിക്കിടക്കുന്ന മാലിന്യംനീക്കാൻ പ്രത്യേകപദ്ധതി തയ്യാറാക്കി ത്തുടങ്ങി. നഗരസഭയും മലിനീകരണ നിയന്ത്രണബോർഡും ചേർന്നാണ് പദ്ധതിരേഖ തയ്യാറാക്കുന്നത്.

ഓഗസ്റ്റ് ആറിനുള്ള വാദംകേൾക്കലിൽ മാലിന്യംനീക്കാനുള്ള പദ്ധതി നഗരസഭ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. ഇതുവരെ 43 ടൺ മാലിന്യമാണ് പ്ലാന്റിൽനിന്ന്‌ മാറ്റിയത്. പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിലുൾപ്പെടെ കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഗ്രീൻകേരള കമ്പനി മുഖാന്തരം നീക്കംചെയ്തത്.

പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരണയന്ത്രങ്ങൾ തകരാറിലാണ്. ഇത് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനംതുടങ്ങാൻ നടപടിയായിട്ടുണ്ട്. ഒപ്പം തൊഴിലാളികൾക്ക് പ്ലാസ്റ്റിക്കിന്റെ വിവിധ വിഭാഗങ്ങൾ പരിശോധിച്ച് തരംതിരിക്കാനുള്ള പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. പ്ലാന്റിലെ മാലിന്യം കുറച്ചുകൊണ്ടുവന്ന് ശാസ്ത്രീയമായ സംസ്‌കരണത്തിലേക്ക് മാറാനാണ് നഗരസഭയുടെ പദ്ധതി. ഈ പദ്ധതികൾ ഹരിത ട്രൈബ്യൂണലിലും അവതരിപ്പിക്കും.

നേരത്തേ പ്ലാന്റിന്റെ പ്രവർത്തനത്തെപ്പറ്റി പനമണ്ണ സ്വദേശി ഹരിത ട്രൈബ്യൂണലിന് പരാതി നൽകിയിരുന്നു. പരാതിപരിഗണിച്ച ട്രൈബ്യൂണൽ പ്ലാന്റിൽ ശാസ്ത്രീയ മാലിന്യസംസ്‌കരണമോ ചരക്കുനീക്കമോ നടക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

സംസ്ഥാനസർക്കാരിനെ എതിർകക്ഷിയാക്കി കേസെടുക്കുകയും സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിനൊപ്പം മാലിന്യനീക്കം വേഗത്തിലാക്കാനുള്ള അടിയന്തര ഇടപെടൽ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നഗരസഭയുടെ ഇടപെടൽ.