മണ്ണാർക്കാട് : വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ജില്ലയിൽ 25 ചാർജിങ് സ്റ്റേഷനുകൾ വരുന്നു. ആദ്യഘട്ടത്തിലാണ് ഇത്രയും കേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇതിനായി സ്ഥലമേറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു.
സർക്കാർ വൈദ്യുതവാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി അനർട്ട്, കേന്ദ്ര ഊർജ മന്ത്രാലയത്തിനുകീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. അനെർട്ടിനായിരിക്കും പദ്ധതിയുടെ നിയന്ത്രണാധികാരം.
ദേശീയപാതകൾ, സംസ്ഥാനപാതകൾ, താലൂക്കാസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷൻ തുടങ്ങുന്നത്. കുറഞ്ഞത് അഞ്ചുസെന്റ് സ്ഥലമുള്ള സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും പങ്കാളികളാകാം. ഇവരുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്താം. നിഴൽരഹിതസ്ഥലമാണെങ്കിൽ സൗരോർജ സംവിധാനവും ഒരുക്കുവാൻ കഴിയും .
പദ്ധതിപ്രകാരം പ്രധാന റോഡിനുസമീപം അഞ്ചുമുതൽ 10 സെന്റ് ഭൂമി 10 വർഷത്തേക്ക് അനെർട്ടിന് നൽകിയാൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 70 പൈസ നിരക്കിൽ സ്ഥലവാടകയായി നൽകും. ഇതിനായി എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് അല്ലെങ്കിൽ അനെർട്ടിനു കെ.എസ്.ഇ.ബി.യിൽനിന്ന് സർവീസ് കണക്ഷൻ എടുക്കുന്നതിനു നിരാക്ഷേപപത്രം (എൻ.ഒ.സി.) നൽകണം. കൂടാതെ, 200 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതവും നൽകണം.
ഒരു വാഹനം ചാർജ് ചെയ്യുന്നതിന് 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെയാണ് സമയം ആവശ്യമായി വരുന്നത്. ഒരു സമയം നാല് വാഹനങ്ങൾ വരെ ചാർജ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. ഇരുചക്രവാഹനങ്ങൾ മുതൽ ഇലക്ട്രിക് ബസ് വരെ ചാർജ് ചെയ്യുന്നതിന് സൗകര്യമുണ്ടാകും.