ഊട്ടി : മഞ്ഞുകാലം വൈകിവന്നെങ്കിലും കുളിരിന്റെ കാഠിന്യം ഊട്ടിയെ വിറങ്ങലിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി കൊടുംതണുപ്പ് അനുഭവപ്പെട്ടു. സമതലപ്രദേശങ്ങളിൽ വെള്ളപ്പുതപ്പ് പുതച്ചതുപോലെ മഞ്ഞുവീണു. കുറഞ്ഞ താപനില ഒരു ഡിഗ്രിക്കും താഴെ രേഖപ്പെടുത്തി.
ഊട്ടി സസ്യോദ്യാനം, കാന്തൽ, ഫിംഗർ പോസ്റ്റ്, തലകുന്ത, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതലായി അനുഭവപ്പെട്ടത്. പുലർക്കാലത്താണ് തണുപ്പിന്റെ കാഠിന്യം കൂടുതൽ. ഇതുകാരണം പ്രഭാത സവാരിക്കാരുടെ എണ്ണം കുറഞ്ഞു. കാലാവസ്ഥമാറ്റം ഊട്ടി നിവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ഇനിയുള്ള ദിവസങ്ങളിൽ തണുപ്പ് കൂടാനാണ് സാധ്യത.