മുതലമട : മീങ്കര-ചുള്ളിയാർ ഡാമുകളിലെ നവീകരിച്ച മത്സ്യക്കുളങ്ങൾ (ഫിഷ് ടാങ്ക്) ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. 1.88 കോടി രൂപ മുടക്കി മീങ്കരയിൽ 10 പുതിയ കുളങ്ങൾ നിർമിക്കുകയും 10 കുളങ്ങൾ നവീകരിക്കുകയും ചെയ്തു. ഒരുവർഷം 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
2.88 കോടി രൂപ ചെലവഴിച്ച് ചുള്ളിയാറിൽ ആറ് പുതിയ കുളങ്ങൾ, 10 കുളങ്ങളുടെ നവീകരണം, ഓഫീസ് മുറി, ചുറ്റുമതിൽ, ഹാച്ചറി തുടങ്ങിയവ പൂർത്തിയാക്കി. ചുള്ളിയാറിലും 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്‌പാദനം സാധ്യമാക്കും. ഇതോടെ ഇരു ഡാമുകളിലുമായി ഒരുകോടി മത്സ്യക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കും. മീങ്കര മത്സ്യക്കുഞ്ഞ് ഉത്പാദന കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ. ബാബു എം.എൽ.എ. അധ്യക്ഷനായി.
ഫിഷറീസ് ജോ. ഡയറക്ടർ എം.എസ്. സാജു റിപ്പോർട്ട് അവതരിപ്പിച്ചു.
ഫിഷറീസ് ഡയറക്ടർ സി.എ. ലത, മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ, വൈസ് പ്രസിഡന്റ് ആർ. അലൈരാജ്, സ്ഥിരം സമിതി അധ്യക്ഷ ജാസ്മിൻ ഷേയ്ക്ക്, പഞ്ചായത്തംഗം എം. നാരായണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി എന്നിവർ സംസാരിച്ചു.