അഗളി : അട്ടപ്പാടിയിൽ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് ശുചിത്വപരിശോധന കർശനമാക്കി. ആദ്യഘട്ടം അഗളി ഗ്രാമപ്പഞ്ചായത്തിലെ കൽക്കണ്ടി, കക്കുപ്പടി, പാക്കുളം, താവളം പ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഗ്രാമപ്പഞ്ചായത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കും ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് എടുക്കുന്നതിനും ആരോഗ്യവകുപ്പിന്റെ മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നതിനും നിർദേശം നൽകി.

കുടിവെള്ളശുചിത്വം ഉറപ്പുവരുത്തുന്നതിന് എല്ലാ ഹോട്ടലുകളിലും കൂൾബാറുകളിലും ജലപരിശോധനാസർട്ടിഫിക്കറ്റും വാട്ടർ ഫിൽട്ടറുകളും നിർബന്ധമാക്കി. അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലമുകുന്ദൻ, വിനോദ്, സലീം, സജില എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾക്ക് പിഴയുൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ജൂഡ് ജോസ് തോംസൺ അറിയിച്ചു.