മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭ അടിയന്തര കൗൺസിൽയോഗത്തിൽ കരട് പദ്ധതിരേഖ അംഗീകരിക്കേണ്ടെന്ന നിലപാടിൽ സി.പി.എം. അംഗങ്ങൾ. നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതി രൂപവത്‌കരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് പദ്ധതിരേഖ അംഗീകാരം, വൃദ്ധജനങ്ങൾക്കുള്ള കട്ടിൽവിതരണം എന്നീ രണ്ട് അജൻഡകളാണ് അടിയന്തര കൗൺസിൽ യോഗത്തിൽവെച്ചത്.

എന്നാൽ, ആരോഗ്യ സ്ഥിരംസമിതി അംഗമായ സി.പി.എം. കൗൺസിലർ മൻസൂറിനെ സ്ഥിരംസമിതി യോഗത്തിൽ ക്ഷണിക്കാതിരുന്ന കാരണത്താൽ കരട് പദ്ധതിരേഖ അംഗീകരിക്കാനാവില്ലെന്ന് സി.പി.എം. പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ. സെബാസ്റ്റ്യൻ പറഞ്ഞു. എന്നാൽ, ഇത് നിർവഹണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ്‌ ബഷീർ പറഞ്ഞു.

തുടർന്ന് ഉദ്യോഗസ്ഥ, കൗൺസിലിനുമുമ്പാകെ മൻസൂറിനെ സ്ഥിരംസമിതി യോഗത്തെ സംബന്ധിച്ച് വിവരംനൽകാൻ കഴിഞ്ഞില്ലെന്ന് അറിയിച്ചു. ഇതോടെ വീണ്ടും ആരോഗ്യസമിതി കൂടിയതിനുശേഷം കരട് പദ്ധതി തയ്യാറാക്കാമെന്ന ധാരണയായി.

വൃദ്ധജനങ്ങൾക്ക് കട്ടിൽനൽകുന്നത് സംബന്ധിച്ച് രൂക്ഷമായ വാക്കേറ്റമാണ് യോഗത്തിൽ നടന്നത്. വിതരണംചെയ്യുന്ന ടെൻഡർ നടപടികളിൽ സുതാര്യതയില്ലെന്ന് സി.പി.എം. കൗൺസിലർമാർ ആരോപിച്ചു. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുള്ളത് നിയമപരമായല്ലെന്നും ആരോപണമുയർന്നു. ഏത് പദ്ധതിയെയും മുടക്കുകയെന്നതാണ് സി.പി.എം. അജൻഡയെന്ന് ലീഗ് കൗൺസിലർ ഷഫീക് റഹ്മാൻ പറഞ്ഞു. യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു.