പാലക്കാട്: ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയതിൽ അപാകമുണ്ടെന്ന ആക്ഷേപത്തെത്തുടർന്ന് മുൻപ്‌ അച്ചടക്കനടപടി നേരിട്ട താലൂക്ക് സപ്ലൈ ഓഫീസർമാരെ പൊതുവിതരണവകുപ്പ് നിരീക്ഷിക്കുന്നു. റേഷൻകാർഡില്ലാത്തവർക്ക്‌ കിറ്റ് നൽകാമെന്ന ആനുകൂല്യം ദുരുപയോഗംചെയ്തുവെന്നാണ് പലയിടത്തുനിന്നും പരാതി ഉയർന്നത്. പൊതുവിതരണസമ്പ്രദായത്തിലെ പൂർണ നടപടികൾ ഡിജിറ്റൈസ് ചെയ്തതോടെ അഴിമതിയുണ്ടെങ്കിൽ എളുപ്പം കണ്ടുപിടിക്കാൻ കഴിയും. ഇതേത്തുടർന്നാണ് നടപടി.

കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനും ക്രമക്കേട് നടത്തിയതിനും അഞ്ചുവർഷത്തിനിടെ 486 ഉദ്യോഗസ്ഥർക്കെതിരേ സർക്കാർതലത്തിലും വകുപ്പുതലത്തിലും അച്ചടക്കനടപടിയെടുത്തിരുന്നു. ഇതിൽ 86 പേർ താലൂക്ക് സപ്ലൈ ഓഫീസർമാരാണ്. ഇവരാണ് പ്രധാനമായും നിരീക്ഷണപരിധിയിലുണ്ടാവുക.

ഭക്ഷ്യക്കിറ്റുവിതരണം ലോക്‌ഡൗൺ കാലത്ത് തുടങ്ങിയതുമുതൽ സിവിൽ സപ്ലൈസ് ഓഫീസർമാർക്കെതിരേ ആരോപണമുയർന്നിരുന്നു. എന്നാൽ, ചില കിറ്റുകളിൽ ഭക്ഷ്യസാധനങ്ങളിൽ കുറവുണ്ടായി. സപ്ലൈകോ ടെൻഡർവഴി വാങ്ങുന്ന സാധനങ്ങൾ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ റീജ്യണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ടായിരുന്നു. എന്നിട്ടും, കിറ്റിൽ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞിരുന്നുവെന്ന് ആക്ഷേപമുണ്ടായതായി അധികൃതർ പറഞ്ഞു.