പഴനി : പഴനിനഗറിലുള്ള വയ്യാപുരികുളം, സിറുനായ്ക്കൻകുളം എന്നിവിടങ്ങളിൽ നവീകരണപ്രവൃത്തി തുടങ്ങി.

കുളങ്ങൾ മലിനമാകുന്നത് തടയാനും ശുചീകരിക്കുന്നതിനും സാമൂഹികപ്രവർത്തർ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്‌ വകുപ്പ് നാലരക്കോടിരൂപ പാസാക്കിയത്.

പഴനി വയ്യാപുരികുളം, സിറുനായ്ക്കൻ കുളം എന്നിവ നവീകരിക്കുന്നതിനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. ഇതിന്റെ ഭാഗമായി പഴനി വയ്യാപുരി കുളക്കരയിൽ വിശേഷാൽപൂജകൾ നടന്നു.

പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ഗോപി, അസിസ്റ്റന്റ് എൻജിനീയർ കണ്ണൻ എന്നിവർ പങ്കെടുത്തു.

പഴനി വയ്യാപുരി കുളം, സിറുനായ്ക്കൻകുളം എന്നിവയിലേക്ക് പഴനി വറുദാമനദി അണയിൽനിന്നാണ് വെള്ളം എത്തുന്നത്.

ഈ കുളങ്ങളിലെ വെള്ളത്തെ ആശ്രയിച്ചാണ് 900 ഏക്കർ ഭൂമിയിൽ കർഷകർ കൃഷിചെയ്യുന്നത്.

കുളങ്ങളിൽ വെള്ളംനിറഞ്ഞാൽ ഈ ഭാഗങ്ങളിലുളള കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പുയരാൻ സാധ്യതയാവുന്നു.

എന്നാൽ, കഴിഞ്ഞ കുറച്ചുവർഷമായി ഈ കുളങ്ങളിൽ മാലിന്യം ചേരുന്നതിനാൽ കുളങ്ങൾ ശുചിത്വമില്ലാതായി. ഇതേത്തുടർന്നായിരുന്നു സാമൂഹികപ്രവർത്തകർ കുളങ്ങൾ ശുചീകരണം നടത്തുന്നതിന് ആവശ്യപ്പെട്ടത്.

വയ്യാപുരികുളം, സിറുനായ്ക്കൻ കുളം എന്നിവിടങ്ങളിൽ ജലനിരപ്പ് അടയാളപ്പെടുത്തുന്ന പണി, കുളങ്ങളുടെ ചുറ്റിലും പത്തടി ഉയരത്തിൽ കമ്പിവേലി നിർമിക്കൽ തുടങ്ങിയവ നടക്കാനുള്ളതായും അധികൃതർ പറഞ്ഞു.