പാലക്കാട്: അഗ്നിരക്ഷാവകുപ്പിൽനിന്ന്‌ ലഭിക്കേണ്ട നിരാക്ഷേപപത്രം കൃത്യമായി ലഭിക്കാതിരിക്കുന്നുണ്ടോ? ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വകുപ്പുമായി ബന്ധപ്പെട്ട ഇത്തരം പരാതികളെല്ലാം പൊതുജനങ്ങൾക്ക് ഫോൺവിളിച്ചോ ഇ- മെയിലായോ എസ്.എം.എസ്സായോ അറിയിക്കാം. ഇതിനുള്ള സംവിധാനമൊരുക്കി. ഒപ്പം പ്രവർത്തനങ്ങൾ സുതാര്യവും സമയബന്ധിതവുമായാണെന്ന്‌ ഉറപ്പാക്കാൻ ആഭ്യന്തര വിജിലൻസ് ആൻഡ് ഇന്റലിജിൻസ് സംവിധാനവും രൂപവത്കരിച്ചു.

വിവിധ വിഭാഗങ്ങളിലുള്ള നിരാക്ഷേപപത്രങ്ങൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോടെയാണ് അഗ്നിരക്ഷാവകുപ്പിൽ ആഭ്യന്തര വിജിലൻസ് ആൻഡ് ഇന്റലിജിൻസ് സംവിധാനം രൂപവത്കരിച്ചത്. ഡയറക്ടർ ജനറലിന്‌ കീഴിൽ നേരിട്ടാണ് പ്രവർത്തനം.

ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ, ജില്ലാ ഫയർ ഓഫീസ്, റീജണൽ ഫയർ ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ഓരോമാസവും നൽകുന്ന എൻ.ഒ.സി.കൾ ബന്ധപ്പെട്ട രേഖകൾസഹിതം വിജിലൻസ് സംഘം പരിശോധിക്കും. ആവശ്യമെങ്കിൽ സ്ഥലപരിശോധനയും നടക്കും. ഒരുമാസം കുറഞ്ഞത് 10 അപേക്ഷകളെങ്കിലും പരിശോധിക്കാനാണ് നിർദേശം. ജീവനക്കാർക്കിടയിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുണ്ടായാലും ഇടപെടൽ നടത്തും.

കണ്ണുണ്ടാവും

അപകടയുള്ള സാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളിൽ

പെട്രോളിയം ഉത്പന്നങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നതിലും ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതിലും കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കും

വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾ, പടക്കനിർമാണശാലകൾ, പടക്കവില്പനകേന്ദ്രങ്ങൾ, എൽ.പി.ജി. ബോട്ട്‌ലിങ് പ്ലാന്റ്, എൽ.പി.ജി. ഗോഡൗൺ എന്നിവിടങ്ങളിൽ

വകുപ്പിന്റെ അനുമതി ലഭിച്ചതും മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തുമായ കെട്ടിടങ്ങളിൽ

നിയമലംഘനം കണ്ടെത്തിയശേഷം നോട്ടീസ് നൽകിയിട്ടും സുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങളിൽ