ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പൂനമല്ലി ഹൈറോഡ് കുറുകെ കടക്കാനായി പുതുതായിനിർമിച്ച സബ്‌വേയുടെ നിർമാണം പൂർത്തിയാകുന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് രാജീവ്ഗാന്ധി ഗവ.ജനറൽ ആശുപത്രിയിലേക്കും സമീപത്തെ ബസ് സ്റ്റോപ്പിലേക്കും പോകാവുന്ന വിധമാണ് സബ്‌വേ നിർമിച്ചിരിക്കുന്നത്. ഈ സബ്‌വേ കൂടി വരുന്നതോടെ ചെന്നൈ സെൻട്രലിൽനിന്ന് രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രികളിലേക്ക് പോകാവുന്ന സബ്‌വേകളുടെ എണ്ണം രണ്ടാകും.

ചെന്നൈ മെട്രോ റെയിൽവേയുടെ നേതൃത്വത്തിലാണ് സബ്‌വേ നിർമിക്കുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, സബർബൻ തീവണ്ടി ടെർമിനലായ മൂർമാർക്കറ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽനിന്ന് ചെന്നൈ മെട്രോ സ്റ്റേഷൻ, ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷൻ, പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷൻ, രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള വിശാലമായ സബ്‌വേ ചെന്നൈ മെട്രോ റെയിൽ അധികൃതർ നിർമിച്ചിട്ടുണ്ട്.

ഈ സബ്‌വേ പ്രധാനമായും മെട്രോ റെയിൽവേ യാത്രക്കാർക്കാണ് ഉപയോഗപ്പെടുകയെന്നതുകൊണ്ടാണ് ഒൻപതുമീറ്റർ വീതിയുള്ള ഒരു സബ്‌വേ കൂടി നിർമിക്കുന്നത്. ഈ സബ്‌വേയുടെ നിർമാണംകൂടി പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് എല്ലാ ഭാഗത്തേക്കും പോകാനാകും. ചെന്നൈ സെൻട്രലിൽത്തന്നെ ദക്ഷിണറെയിൽവേ ആസ്ഥാനത്തിന് ഇടതുവശത്തു പുതിയൊരു സബ്‌വേ കൂടി രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് നിർമിക്കുന്നുണ്ട്. ഈ സബ്‌വേയിലൂടെ സെൻട്രലിന് സമീപത്തെ ഈവനിങ് ബസാറിലേക്കും ഫ്ലവർ ബസാറിലേക്കും പോകാനാകും. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ സെൻട്രലിൽ സബ്‌വേകളിലൂടെ റോഡ് ക്രോസ് ചെയ്യുന്നവരുടെ എണ്ണം 70,000 ആയി ഉയരുമെന്നും അധികൃതർ പറഞ്ഞു.

ചെന്നൈ സെൻട്രലിലെ മെട്രോ സ്റ്റേഷനുകളിൽനിന്നായി ഇപ്പോൾ 15,000 പേരാണ് ദിവസവും യാത്രചെയ്യുന്നത്. മെട്രോ പാതകളുടെ രണ്ടാംഘട്ട പദ്ധതി 2026-ൽ പൂർത്തിയാകുന്നതോടെ ചെന്നൈ സെൻട്രൽ മെട്രോസ്റ്റേഷനുകളിൽനിന്ന് യാത്രചെയ്യുന്നവരുടെ എണ്ണം 1,50,000 ആയി വർധിക്കുമെന്നാണ് കരുതുന്നതെന്ന് മെട്രോ റെയിൽവേ അധികൃതർ പറഞ്ഞു.