ഷൊർണൂർ : കാർഷികമേഖലയിൽ പ്രതിസന്ധിനേരിടുന്ന കർഷകർക്ക് വന്യമൃഗങ്ങളുടെ ശല്യവും തലവേദനയാവുകയാണ്. കാട്ടുപന്നികളാണ് ജനവാസമേഖലയിൽപ്പോലും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കവളപ്പാറ, കാരക്കാട് പാടശേഖരങ്ങളിൽ കാട്ടുപന്നികൾ ഒന്നാംവിള വൻതോതിൽ നശിപ്പിച്ചു. വിളവെടുക്കാറായ സമയത്താണ് കൃഷിനാശം. സി. ബിജു, കെ.പി. സുധീഷ്, വിജയപ്രകാശ് ശങ്കർ എന്നിവർ പാട്ടത്തിനെടുത്ത് കൃഷിചെയ്ത നെൽപ്പാടം പൂർണമായും നശിപ്പിച്ചു. രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കർഷകരുടെ കണക്ക്.

വൈകീട്ടാണ് കൂട്ടമായി കാട്ടുപന്നികൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. നെല്ലിനുപുറമേ മറ്റ് പച്ചക്കറിവിളകളും നശിപ്പിക്കാറുണ്ട്. ഇവ കൃഷി നശിപ്പിക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കയാണ്.

കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

കർഷകരുടെ പ്രശ്‌നം ഉന്നയിച്ച പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. രണ്ട് പന്നികളെ വെടിവെച്ചുകൊന്നു. എന്നാൽ, പന്നികളുടെശല്യം കുറയാത്തതിനെ തുടർന്ന് വീണ്ടും കവളപ്പാറ-കാരക്കാട് മേഖലയിൽ വീണ്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തും. വൈകീട്ട് ആറിനുശേഷം ഉദ്യോഗസ്ഥരെത്തി പന്നികളെ വെടിവെക്കാനാണ് ലക്ഷ്യം.

കാട്ടുപന്നികൾ കൃഷിനശിപ്പിച്ച പ്രദേശം കൃഷി ഫീൽഡ് ഓഫീസർ എൽ. ഷിബി, കാരക്കാട് പാടശേഖരസമിതി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, കവളപ്പാറ പാടശേഖരസമിതി സെക്രട്ടറി വിനോദ് ചെമ്പോട്ടിയിൽ എന്നിവർ സന്ദർശിച്ചു.

കാട്ടുപന്നികളെ പിടികൂടാൻ നടപടിയാരംഭിച്ചു

കർഷകരുടെ സ്വൈര്യജീവിതത്തിന്‌ ശല്യമാകുന്ന കാട്ടുപന്നികളെ പിടികൂടാൻ നടപടിയാരംഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം റേഞ്ചിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളെ നശിപ്പിച്ച് കർഷകരെ സംരക്ഷിക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.