പാലക്കാട് : ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നേപ്പാൾ സ്വദേശിയെ ടൗൺ സൗത്ത് പോലീസ് എറണാകുളത്ത് നിന്ന് പിടികൂടി. നേപ്പാൾ കഞ്ചൻപുർ സ്വദേശി രവികുമാർ അമർസിങ് റാണയാണ് (27) അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

കണ്ണാടി പുല്ലുപാറയിലെ സ്വകാര്യ കമ്പനിയുടെ സമീപത്തെ മുറിയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി സുനിൽ റാണയെ ആണ് വാളുപയോഗിച്ച് കഴുത്തിലും കൈയിലും തുടരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇടതുചെവിക്ക് പിറകിൽ ഗുരുതര പരിക്കേറ്റു. സുനിൽ റാണ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെട്ടേറ്റ സുനിൽ റാണയും അമർസിങ്ങിന്റെ സഹോദരനും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രതി സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, എസ്‌.ഐ. മഹേഷ്‌കുമാർ, അഡീ. എസ്‌.ഐ.മാരായ ജലീൽ, ഉദയകുമാർ, രമേഷ്, സീനിയർ സി.പി.ഒ. മുഹമ്മദ് ഷെരീഫ്, സി.പി.ഒ.മാരായ എം. ഷനോസ്, വിനീഷ്, നിഷാദ്, രവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.