കൂറ്റനാട് : സിവിൽ സർവീസസ് പരീക്ഷയിൽ ആറാംറാങ്കും സംസ്ഥാനത്ത് ഒന്നാംസ്ഥാനവും നേടിയ കെ. മീരയുടെ നേട്ടത്തിൽ പെരിങ്ങോടുകാർക്കും അഭിമാനിക്കാം. തൃശ്ശൂർക്കാരിയെന്ന് വാർത്താമാധ്യമങ്ങളിൽ നിറയുമ്പോഴും പെരിങ്ങോട് ഗ്രാമത്തിന്റെ പുത്രിയാണ് താനെന്ന് പറയുന്നതിൽ ഏറെ അഭിമാനമാണ് മീരയ്ക്ക്. പെരിങ്ങോട് പൂക്കാട്ടിൽ ശങ്കരനാരായണൻ നമ്പ്യാരുടെ മകനാണ് മീരയുടെ അച്ഛൻ രാമദാസ്. ബിസിനസുകാരനായ രാമദാസ് ജോലിസംബന്ധമായാണ് കുടുംബത്തോടൊപ്പം തൃശ്ശൂരിലേക്ക് താമസം മാറിയത്. തൃശ്ശൂർ മുണ്ടത്തിക്കോട് സ്‌കൂളിലെ സയൻസ് അധ്യാപികയാണ് അമ്മ രാധിക. കഴിഞ്ഞവർഷം തലനാരിഴയ്ക്കുമാത്രം സിവിൽസർവീസ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റാൻ കഴിയാതിരുന്ന മീര രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി ഇത്തവണ ഒരിക്കൽകൂടി ശ്രമിച്ചാണ് മികച്ച നേട്ടത്തിനുടമയായത്.

കഴിഞ്ഞതവണ ഒരു മാർക്കിന് മാത്രം മീര പിന്നിലേക്ക് പോയപ്പോൾ ഏറെ വിഷമിച്ചുവെന്ന് പെരിങ്ങോട്ടെ വീട്ടിലുള്ള ചെറിയച്ചൻ കൃഷ്ണകുമാറും കുടുംബവും പറഞ്ഞു.

മീരയുടെ ഏക സഹോദരി വൃന്ദ ബിരുദ പഠനത്തിനകശേഷം അമേരിക്കൻ കമ്പനിയിൽ ഓൺലൈനിലൂടെ ജോലി ചെയ്യുകയാണ്.