ആലത്തൂർ : നവോത്ഥാനഗുരുവും ആലത്തൂർ സിദ്ധാശ്രമം സ്ഥാപകനും ആനന്ദമത ആചാര്യനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിക്ക് ആലത്തൂരിൽ സ്മാരകം നിർമിക്കും. തിങ്കളാഴ്ച 10-ന് ആലത്തൂർ ബ്ലോക്ക്പഞ്ചായത്തങ്കണത്തിൽ മന്ത്രി എ.കെ. ബാലൻ ശിലാസ്ഥാപനം നടത്തും. കെ.ഡി. പ്രസേനൻ എം.എൽ.എ. അധ്യക്ഷനാകും.

1852 ഓഗസ്റ്റ് 26-ന് കൊല്ലങ്കോട് കാരാട്ട് കുടുംബത്തിൽ ജനിച്ച ഗോവിന്ദൻകുട്ടിമേനോനാണ് ശിവയോഗിയായി മാറിയത്. 1907-ൽ ആലത്തൂർ സിദ്ധാശ്രമം തുടങ്ങി. സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം മതാചാരങ്ങളെയും ജാതിവ്യവസ്ഥയെയും എതിർത്തു. മനസ്സാണ് ദൈവമെന്ന്‌ പ്രഖ്യാപിച്ചു.

വാഗ്‌ഭടാനന്ദൻ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. 10 ഗ്രന്ഥങ്ങൾ രചിച്ചു. 1929 സെപ്റ്റംബർ 10-ന് സമാധിയായി. സാംസ്കാരികവകുപ്പ് 50 ലക്ഷവും ആലത്തൂർ ബ്ലോക്ക്പഞ്ചായത്ത് 20 ലക്ഷവും രൂപവീതം അനുവദിച്ചാണ് സ്മാരകം നിർമിക്കുക. രണ്ടുനിലകളായി നിർമിക്കുന്ന സ്മാരകത്തിന്റെ താഴത്തെനില സാംസ്കാരിക പരിപാടികൾക്കുള്ള വേദിയായും മുകൾനില സമ്മേളനഹാളായുമാണ് ക്രമീകരിക്കുക.