കോയമ്പത്തൂർ : കാർത്തികവിളക്ക് ദിവസമായ 29-ന് ക്ഷേത്രങ്ങളിൽ സന്ധ്യാദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഹിന്ദുമത ധർമസ്ഥാപന വകുപ്പാണ് കോവിഡ് പശ്ചാത്തലത്തിൽ കൂട്ടത്തോടെയുള്ള ക്ഷേത്രദർറശനം വിലക്കിയത്.
മരുതമല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് ഭക്തർക്ക് പ്രവേശനം ഇല്ലെന്ന് ദേവസ്വം ബോർഡ് അസി. കമ്മിഷണർ വിമല അറിയിച്ചു. 29-ന് വൈകീട്ട് 6.30-ന് ക്ഷേത്രജീവനക്കാരും പൂജാരിമാരും ഉൾപ്പെടുന്ന സംഘം മാത്രമാണ് ദീപം ഏറ്റുക.
പേരൂർ പട്ടീശ്വരക്ഷേത്രത്തിലും വൈകീട്ട് നാലരമുതൽ ആറരവരെയാണ് ദർശനവിലക്ക്. കാർത്തികദീപം തൊഴാൻ തിരവണ്ണാമലമുകളിലേക്ക് കയറാനും അനുവദിക്കില്ല.
വൈകീട്ട് ഏഴുമണിക്ക് ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനം നടത്താം. രാവിലെ പതിവുപോലെ ക്ഷേത്രം തുറക്കും. ജില്ലയിലെ ഇതരക്ഷേത്രങ്ങളിലും നിയന്ത്രണങ്ങൾ ബാധകമായിരിക്കും.