ചിങ്ങവനം : ചിങ്ങവനത്ത് എട്ടുകിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ. പാലക്കാട് അലനെല്ലൂർ പറക്കോട്ട് അനസ് ബാബു (43), മണ്ണാർക്കാട് കുമൻചിറ തോന്നിപ്പാടത്ത് രാധാകൃഷ്ണൻ (32), അലനെല്ലൂർ പറക്കോട്ട് രാഹുൽ (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചിങ്ങവനം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തുന്നതിനാണ് ഇവർ എത്തിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറും കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിരുന്ന ചിലരെ പോലീസ് ചോദ്യംചെയ്തതോടെയാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വിനോദ്‌പിള്ളയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ഇവരുടെ നീക്കം നിരീക്ഷിച്ചുവരുകയായിരുന്നു. ഇവർ പാലക്കാടുനിന്ന് കഞ്ചാവ് വിൽപ്പനയ്ക്കായി കോട്ടയത്തേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചു. തിരുവാതുക്കൽ-നാട്ടകം ബൈപ്പാസിലൂടെ ഇവർ വരുമെന്ന് മനസ്സിലാക്കിയ പോലീസ് സംഘം വാഹനം തടഞ്ഞെങ്കിലും പ്രതികൾ വെട്ടിച്ച് പോകാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ജീപ്പ് കുറുകെയിട്ടാണ് ഇവരെ പിടികൂടിയത്.
പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.