ശ്രീകൃഷ്ണപുരം : ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വിവധഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കൂടി. ആശുപത്രിപ്പടിയിലും ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തും തെരുവുനായ്ക്കൾമൂലം പുറത്തിറങ്ങനാവാത്ത അവസ്ഥയാണ്. ഒക്ടോബർ 10-ന് ശ്രീകൃഷ്ണപുരത്ത് മൂന്നുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. റോഡരികിലും പീടികവരാന്തകളിലും കോഴിഫാമുകളുടെ അടുത്തും കൂട്ടമായിക്കാണുന്ന ഇവ ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും വലയ്ക്കുന്നു.

ശ്രീകൃഷ്ണപുരം സർക്കാർ ആശുപത്രിയിലേക്ക് ദിവസേനയെത്തുന്ന നൂറുകണക്കിന് രോഗികൾക്കും ഇവ ഭീഷണിയാണ്. നായ്ക്കളിൽ വന്ധ്യംകരണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക പറഞ്ഞു.