കൂറ്റനാട് : തൃത്താല സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രിണർഷിപ് പ്രോഗ്രാമിന് (എസ്.വി.ഇ.പി.) തൃത്താല ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. ബ്ലോക്കിന് 5.7 കോടിരൂപ ഈ പദ്ധതിക്കായി ലഭിക്കും. ഗ്രാമീണ ഉപജീവനമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പ്രദേശത്ത് പരമാവധി വ്യക്തിഗത / ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് എസ്.വി.ഇ.പി.യുടെ ലക്ഷ്യം. ഇതുപ്രകാരം തൃത്താല ബ്ലോക്കിൽ പ്രാഥമിക സർവേ നടത്താൻ 30 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്.

കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാന സർക്കാരിന്റെയും വിഹിതമായിരിക്കും.

തൃത്താലയിലെ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത കൂട്ടത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സൈതലവിയുമായും ചർച്ച ചെയ്തിരുന്നു. അതിൽനിന്നാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചനയുണ്ടായതെന്നും കുടുംബശ്രീ ജില്ലാ മിഷൻ തൃത്താല ബ്ലോക്കിനുവേണ്ടി വാർഷിക പ്രവർത്തനരേഖ സമർപ്പിച്ചുകഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

തൃത്താലയ്ക്കുപുറമേ കേരളത്തിൽനിന്ന് ഏഴ്‌ ബ്ലോക്കുകൾക്കുകൂടിയാണ് ഇത്തരം പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇനി വിശദ പദ്ധതിരേഖ തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് ഉടൻ പ്രവേശിക്കും. ഇതിനായുള്ള ആദ്യയോഗം വൈകാതെ വിളിച്ചുചേർക്കുമെന്നും സ്പീക്കർ അറിയിച്ചു.