ഒറ്റപ്പാലം : പോകാൻ മറ്റിടമില്ലാതെ താലൂക്ക് ആശുപത്രിയിൽ അഭയം തേടിയിരുന്ന വയോധികർക്ക് ആശ്രയകേന്ദ്രമൊരുങ്ങുന്നു. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി ശെൽവനും (70), തൃക്കടീരി സ്വദേശി കുഞ്ഞനും (84) ഇനി മലപ്പുറം കാവുങ്ങൽ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ തണലിൽ കഴിയും. ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തി ട്രസ്റ്റ് അധികൃതർ ഏറ്റെടുത്തു. ട്രസ്റ്റ് ചെയർപേഴ്‌സൺ സുജ മാധവി, ജനറൽ സെക്രട്ടറി പി. പുഷ്പലത എന്നിവർ ബുധനാഴ്ച ആശുപത്രിയിലെത്തിയാണ് ഇവരെ വയോജനസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം ശെൽവന്റെയും കുഞ്ഞന്റെയും താലൂക്ക് ആശുപത്രിയിലെ ജീവിതം മാതൃഭൂമി വാർത്ത നൽകിയിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്ന ശെൽവൻ വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് താലൂക്ക് ആശുപത്രിയിലെത്തിയിരുന്നത്.

അസുഖം മാറിയെങ്കിലും പോകാൻ മറ്റൊരിടമില്ലാതെ വന്നതോടെ കഴിഞ്ഞ ഏഴുമാസമായി ആശുപത്രിക്കിടക്കയിലായിരുന്നു വാസം. മൂന്നുമാസം മുമ്പായിരുന്നു അസുഖവുമായി കുഞ്ഞൻ താലൂക്ക് ആശുപത്രിയുടെ വാതിലിൽ മുട്ടിയത്‌. ആഴ്ചകൾകൊണ്ടുതന്നെ അസുഖം കുറഞ്ഞെങ്കിലും വാർധക്യത്തിലെ ഒറ്റപ്പെടൽ കുഞ്ഞനെയും മൂന്ന് മാസമായി താലൂക്ക് ആശുപത്രിയിലെ അന്തേവാസിയാക്കി.

നഗരസഭയുടെയും സന്നദ്ധസംഘടനകളുടെയും ജീവനക്കാരുടെയും കാരുണ്യത്തിലായിരുന്നു ഇവിടെ ഇവരുടെ ജീവിതം. പോകാനിടമില്ലാത്ത ഇവരുടെ ജീവിതം വാർത്തയായതോടെ ട്രസ്റ്റ് അധികൃതർ ഇടപെടുകയായിരുന്നു. കൗൺസിലർ പി. കല്യാണി ജനമൈത്രി പോലീസിന് കത്തുനൽകുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഇരുവരെയും യാത്രയാക്കാൻ മുൻ കൗൺസിലർ ടി.പി. പ്രദീപ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി. നിഷാദ്, ലേ സെക്രട്ടറി ശ്രീലത, പി. ഷീന എന്നിവരും താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.