ഒറ്റപ്പാലം : ടാക്സി വിളിച്ചാൽ വരില്ല. ആശുപത്രി ആവശ്യങ്ങൾ വന്നാൽ കസേരയിലിരുത്തിക്കൊണ്ട് പോകണം. സാധനങ്ങൾ വാങ്ങിയാൽ ചുമന്നുവേണം വീട്ടിലേക്കെത്തിക്കാൻ. ഇത് ഒറ്റപ്പാലം പട്ടണത്തിൽത്തന്നെയുള്ള കുറച്ച് കുടുംബങ്ങളുടെ അവസ്ഥയാണ്. നഗരത്തിലെ വിവേകാനന്ദ പാതയിൽനിന്നുള്ള ഗ്രീൻഫീൽഡ് റോഡിൽ താമസിക്കുന്നവരുടെ അവസ്ഥയാണിത്.

പ്രദേശത്തെ 50 ലധികം കുടുംബങ്ങൾക്ക് വർഷങ്ങളായുള്ള യാത്രാദുരിതം തുടരുകയാണ്. ആശുപത്രി കേസുകൾ വന്നാൽ ബുദ്ധിമുട്ടുന്നത് കൂടാതെ മരണാനന്തരച്ചടങ്ങുകൾക്കും വളരെയേറെ ക്ലേശിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

35 വർഷത്തിലേറെയായി തരിശായി കിടക്കുന്ന പാടങ്ങളുടെ വശത്തിലൂടെയുള്ള 600 മീറ്ററിലധികം ദൂരം വരുന്ന മൺപാതയിലൂടെയാണ് ഇവരുടെ യാത്ര. മഴപെയ്താൽ ചളിക്കുളമാകുന്ന പാതയിലൂടെ സഞ്ചരിക്കണമെങ്കിൽ സർക്കസ് പഠിക്കണം. ഇരുചക്രവാഹനങ്ങൾക്ക് ​െചളിയിൽ മുങ്ങിവേണം പോകാൻ.

പാതക്കിരുവശമാണെങ്കിൽ കാടുപൊന്തിക്കിടക്കുകയാണ്. വഴിവിളക്കുകൾ കത്തുന്നില്ല. രാത്രിയിൽ കാട്ടുപന്നികളെയും ഇഴജന്തുക്കളെയും ഭയന്നുവേണം സഞ്ചരിക്കാൻ. പ്രദേശവാസികൾ ചേർന്നാണ് രണ്ടടി വീതിയുണ്ടായിരുന്ന വഴി വാഹനങ്ങൾക്ക് പോകാനുള്ള പാതയാക്കി മാറ്റിയത്. പിന്നീട്, ഇത് നഗരസഭയ്ക്ക് കൈമാറി. ‌

നഗരസഭ 10 ലക്ഷംരൂപ ചെലവിൽ ഏകദേശം 150 മീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തികൾ സ്ഥാപിച്ചതല്ലാതെ പാതയുടെ കാര്യത്തിൽ മറ്റൊന്നും ചെയ്തിട്ടില്ല. വെള്ളം പോകുന്നവഴിയിൽ കലുങ്കുപോലും പണിതിട്ടില്ല. പാതയിൽ ചെളി നിറഞ്ഞതോടെ പ്രദേശവാസികൾ മുൻകൈയെടുത്ത് ക്വാറി വേസ്റ്റിട്ട് താത്കാലികമായി ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാൽ, ഇതെല്ലാം മഴയിൽ ഒലിച്ചുപോയി.