കോയമ്പത്തൂർ : അധികമഴ പെയ്തതുമൂലം തക്കാളി കർഷകർക്കും സാധാരണക്കാർക്കും വിനാശകാലമായിമാറി മഴക്കാലം. വടക്കുകിഴക്കൻ കാലവർഷം പെയ്യുന്നതോടൊപ്പം ഇടയ്ക്കിടെ എത്തുന്ന ന്യൂനമർദവും ചുഴലിക്കാറ്റുംകാരണം നിർത്താതെപെയ്ത മഴ തക്കാളിപ്പാടങ്ങളിലാണ് ഏറെ നാശംവിതച്ചത്. കോയമ്പത്തൂർ ജില്ലയിലെ അയ്യായിരം ഹെക്ടറോളം പാടങ്ങളിലെ തക്കാളിച്ചെടികളാണ് വെള്ളക്കെട്ടിൽ അഴുകാൻ തുടങ്ങിയത്.

കോയമ്പത്തൂർ ജില്ലയിലെ കാരമട, അന്നൂർ, മാതംപട്ടി, മീനാക്ഷിപുരം, കിണത്തുക്കടവ്, വഴുക്കുപാറ, പെരിയനായ്‌ക്കൻ പാളയം, തുടിയല്ലൂർ, ചെമ്മേട് തുടങ്ങി ഇരുപതോളം സ്ഥലങ്ങളിൽ ഏക്കറുകണക്കിന് തക്കാളിക്കൃഷി പാടങ്ങളുണ്ട്. ഇവിടെയുത്‌പാദിപ്പിക്കുന്ന തക്കാളിയാണ് കേരളമുൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കുന്നത്. കോയമ്പത്തൂർ മാർക്കറ്റിലേക്ക് കർണാടകത്തിൽനിന്നും തക്കാളി എത്തുന്നുണ്ട്.

കനത്തമഴയിൽ നഗരങ്ങളിൽ കെട്ടിനിന്നവെള്ളം ഒഴുക്കിവിടാൻ പാടുപെടുന്നതിനിടെയാണ് ഗ്രാമങ്ങളിലും ഇതേ അവസ്ഥയുണ്ടായത്. തക്കാളിച്ചെടികൾ അഴുകിനശിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് ചന്തയിലേക്കെത്തിക്കാൻ സാധിച്ചില്ല. തുടർച്ചയായ മഴയും ഉത്‌പാദനം കുറഞ്ഞതും കോയമ്പത്തൂരിലെ പ്രധാന ചന്തയിലേക്കുള്ള തക്കാളിയടക്കമുള്ള പച്ചക്കറികളുടെ വരവിൽ വൻ കുറവാണ് അനുഭവപ്പെട്ടത്.

മൊത്തവില്പന ചന്തയിൽ 72 രൂപ മുതൽ

പ്രധാന ചന്തകളായ മേട്ടുപ്പാളയംറോഡിലെ എം.ജി.ആർ. മൊത്തവില്പന ചന്തയിൽ 25 കിലോഗ്രാം പെട്ടി 1,800 രൂപയ്ക്കാണ് വില്പന തുടങ്ങിയത്. നാടൻതക്കാളി 1,500 രൂപയ്ക്കും വില്പനയായി. ഒരു കിലോഗ്രാം തക്കാളി ശരാശരി 72 രൂപയ്ക്കാണ് വില്പനയാരംഭിച്ചതെന്ന് കച്ചവടക്കാർ അറിയിച്ചു.

ഇവിടെനിന്നും മൊത്തമായി വാങ്ങി ചില്ലറവില്പന കേന്ദ്രങ്ങളിൽ എത്തുമ്പോഴേക്കും വില 100 കടക്കും. ഒരാഴ്ചമുമ്പ് ചില്ലറവില്പന 50 രൂപയ്ക്ക് പോയിരുന്ന തക്കാളിയാണ് നിലവിൽ 100 രൂപ കടന്നത്. പിന്നീട് സാധാരണക്കാരന് കടകളിൽക്കൂടി കൈയിലെത്തുമ്പോഴേക്കും വില 120-140 രൂപയായി ഉയരും. മറുനാടുകളിൽനിന്നുള്ള വരവിന് മഴ അവിടെയും പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളതിനാൽ വിലകുറയാൻ ആഴ്ചകളെടുക്കും.

പച്ചയിൽത്തന്നെ പറിച്ച് വില കൂടിയാൽ പുറത്തിറക്കാനായി കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച് കാത്തിരിക്കുന്നവരുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിപണിയിൽ ആപ്പിളിന് വിലകുറഞ്ഞുവരുന്നതിനിടെയാണ് നിത്യോപയോഗസാധനമായ തക്കാളിക്ക് വില കൂടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സവാള സൃഷ്ടിക്കുന്ന പ്രതിസന്ധി തത്‌കാലം സംസ്ഥാനത്ത് നിലവിലില്ലെങ്കിലും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വരുന്ന മാസങ്ങളിൽ തക്കാളിമൂലം പ്രതിഫലിക്കുമോയെന്ന് ഭരണകക്ഷിക്ക് നേരിയ ആശങ്കയുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ സഹകരണസംഘങ്ങൾവഴി തക്കാളി സംഭരിച്ച് വിലകുറച്ച് വില്പനക്കെത്തിക്കുന്നത്.